ഓപ്പറേഷന്‍ സിന്ധു: ഇറാനില്‍ നിന്ന് 1,428 ഇന്ത്യക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചു

  1. Home
  2. National

ഓപ്പറേഷന്‍ സിന്ധു: ഇറാനില്‍ നിന്ന് 1,428 ഇന്ത്യക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചു

OPERATION SINDU


ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ഓപ്പറേഷന്‍ സിന്ധുവിലൂടെ
ഇറാനില്‍ നിന്നും 1428 ഇന്ത്യക്കാരെ രാജ്യത്തെത്തിച്ചു. ഇറാനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആറാമത്തെ വിമാനമാണ് വൈകിട്ട് 4.30 ഓടെ ദില്ലിയില്‍ എത്തിയത്. വടക്കന്‍ ഇറാനിലെ മഷ്ഹദില്‍ നിന്നാണ് 311 പേരടങ്ങുന്ന സംഘം ദില്ലിയില്‍ മടങ്ങിയെത്തിയത്. വിദ്യാര്‍ത്ഥികളും തീര്‍ത്ഥയാത്ര പോയവരും ആണ് സംഘത്തില്‍ കൂടുതലും ഉണ്ടായിരുന്നത്. മലയാളിയായ കണ്ണൂര്‍ സ്വദേശി ദിനേശ് കുര്‍ജ്ജനും സംഘത്തില്‍ ഉണ്ടായിരുന്നു.

ദീര്‍ഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവര്‍ത്തിക്കുകയായിരുന്നു ദിനേശ് കുര്‍ജ്ജന്‍. ദിനേശ് കുര്‍ജ്ജന്‍ ഉൾപ്പെടെയുള്ള 15 പേരടങ്ങുന്ന ആര്‍ക്കിടെക്റ്റുമാരുടെ സംഘം ജൂണ്‍ 11 നാണ് ആര്‍ക്കിടെക്ച്ചര്‍ ടൂറിനായി ഇറാനിലെത്തിയത്. ഇന്ന് വൈകിട്ടുള്ള വിമാനത്തില്‍ ഇദ്ദേഹം അഹമ്മദാബാദിലേക്ക് മടങ്ങും.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രാത്രിയില്‍ മറ്റൊരു വിമാനം കൂടി ഇന്ത്യക്കാരുമായി ഇറാനില്‍ നിന്ന് ദില്ലിയില്‍ എത്തും. സംഘര്‍ഷമേഖലകളില്‍ നിന്നെത്തുന്ന മലയാളികളെ സഹായിക്കാന്‍ ദില്ലി കേരള ഹൗസില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.