അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിയാകാൻ അവസരം; ലഭിച്ചത് 3,000 അപേക്ഷകൾ, 200 പേർക്ക് അഭിമുഖം

  1. Home
  2. National

അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിയാകാൻ അവസരം; ലഭിച്ചത് 3,000 അപേക്ഷകൾ, 200 പേർക്ക് അഭിമുഖം

ayodhya


അയോധ്യയിലെ രാമക്ഷേത്രത്തിൽ പൂജാരിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിച്ചത് 3000 പേർ. അഭിമുഖം ഉൾപ്പെടെയുള്ള നടപടികൾക്കായി ഇവരെ ക്ഷണിച്ചതായി റാം മന്ദിർ തീർഥക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അഭിമുഖത്തിന് തെരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നാണ് രാമക്ഷേത്രത്തിലെ പൂജാരിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ലഭിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആസ്ഥാനമായ കർസേവക് പുരത്താണ് അഭിമുഖം നടക്കുക. 200 പേരിൽ നിന്നായി 20 പേരെ മാത്രമാകും തെരഞ്ഞെടുക്കുക.

വൃന്ദാവനത്തിൽ നിന്നുള്ള പ്രഭാഷകനായ ജയ്കാന്ത് മിശ്രയുടെ മൂന്നംഗ പാനലും അയോധ്യയിലെ നിന്നുള്ള മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവരും ചേർന്നാണ് അഭിമുഖം നടത്തുക. ചുരുക്കപ്പട്ടിക പ്രകാരം അഭിമുഖം ആരംഭിച്ചതായാണ് റിപ്പോർട്ട്.തെരഞ്ഞെടുക്കപ്പെടുന്നവരെ ആറ് മാസത്തെ പരിശീലനത്തിന് ശേഷം വിവിധ തസ്തികകളിൽ നിയോഗിക്കും. തെരഞ്ഞെടുക്കപ്പെടാതെ പോയവർക്ക് ആറുമാസത്തെ പരിശീലനവും സർട്ടിഫിക്കറ്റുകളും നൽകുമെന്നും ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു.

ഭാവിയില്‍ ഒഴിവ് വരുമ്പോള്‍ ഇവരെ പരിഗണിക്കും. വിവിധ മതപണ്ഡിതർ തയ്യാറാക്കുന്ന മതപരമായ സിലബസ് അടിസ്ഥാനമാക്കിയായിരിക്കും പരിശീലനം. പരിശീലന വേളയിൽ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ ഭക്ഷണവും താമസവും കൂടാതെ 2000 രൂപ സ്റ്റൈപ്പൻഡായും ലഭിക്കുന്നതാണ്.