ബിബിസിയിൽ ഇ.ഡി എത്തിയേനെ; ഡോക്യുമെൻററി ലിങ്ക് ട്വീറ്റ് ചെയ്ത് പ്രതിപക്ഷനേതാക്കൾ

  1. Home
  2. National

ബിബിസിയിൽ ഇ.ഡി എത്തിയേനെ; ഡോക്യുമെൻററി ലിങ്ക് ട്വീറ്റ് ചെയ്ത് പ്രതിപക്ഷനേതാക്കൾ

bbc


പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ സീരീസ് ട്വിറ്ററിൽനിന്നും യുട്യൂബിൽനിന്നും അപ്രത്യക്ഷമായതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷം. സീരിസിന്റെ ആദ്യഭാഗം കാണാൻ കഴിയുന്ന ലിങ്കുകൾ ഷെയർ ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം.

മേക്ക് ഇൻ ഇന്ത്യപോലെ ബ്ലോക്ക് ഇൻ ഇന്ത്യ എന്ന പദ്ധതിയും രാജ്യത്തുണ്ടെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പരിഹസിച്ചു. ബിബിസിയുടെ ആസ്ഥാനം ന്യൂഡൽഹിയിൽ ആയിരുന്നെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതർ ഇപ്പോൾ പടിവാതിൽക്കൽ എത്തിയിട്ടുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാനും മഹുവ മോയിത്രയും ബിബിസി ഡോക്യുമെൻററിയുടെ ലിങ്കുകൾ ഷെയർചെയ്തു. സെൻസർഷിപ്പാണ് നടക്കുന്നതെന്നും ലക്ഷക്കണക്കിനുപേർ കണ്ട ട്വിറ്റർ ലിങ്ക് ഇപ്പോൾ ലഭ്യമല്ലെന്നും മറ്റൊരു ലിങ്ക് മൂന്ന് ദിവസം മാത്രമാണ് ലഭ്യമായതെന്നും തൃണമൂൽ നേതാക്കൾ ആരോപിച്ചു.

ഡോക്കുമെന്ററിയെ കേന്ദ്ര സർക്കാർ എത്രത്തോളം പുച്ഛിക്കുന്നുവോ ജനങ്ങൾക്ക് അത് കാണാനുള്ള ആകാംക്ഷ അതനുസരിച്ച് വർധിക്കുമെന്ന് ശിവസേനാ നേതാവ് പ്രിയങ്ക ചതുർവേദി അഭിപ്രായപ്പെട്ടു.

അതിനിടെ വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി. ബിബിസിയാണ് സുപ്രീം കോടതിക്കുപോലും മുകളിൽ എന്നാണ് പലരും ഇപ്പോഴും കരുതുന്നതെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യത്തിന് അകത്തും പുറത്തും നടത്തുന്ന തെറ്റായ പ്രചാരണങ്ങളിലൂടെ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിബിസി ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം ബ്ലോക്ക് ചെയ്യാൻ കേന്ദ്ര വാർത്താവിനിമയ- പ്രക്ഷേപണ മന്ത്രാലയമാണ് യൂട്യൂബിനും ട്വിറ്ററിനും നിർദേശം നൽകിയതെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. വ്യാജ പ്രചാരണം എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഡോക്യുമെന്ററിയെ വിശേഷിപ്പിച്ചത്.