പ്രതിപക്ഷ പ്രതിഷേധം ഫലം കണ്ടു; സഭയിലെത്തി അമിത് ഷാ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം
പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിലെത്തി വിഷയത്തിൽ വിശദീകരണം നൽകുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.സഭാ നടപടികൾ തടസ്സപ്പെടുത്തരുതെന്നും വിഷയത്തിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും റിജിജു വ്യക്തമാക്കി.
വിദ്യാർഥികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. ആഭ്യന്തര മന്ത്രി പറയുന്ന കാര്യങ്ങൾ പ്രതിപക്ഷം പൂർണമായും കേൾക്കണമെന്നും ചർച്ചയും മറുപടിയും നടക്കുമ്പോൾ പ്രസ്താവന തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രതിപക്ഷം പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും റിജിജു ആവശ്യപ്പെട്ടു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിന് ശേഷം ഇതുവരെ അമിത് ഷാ സഭയിലെത്താത്തതിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.അമിത് ഷാ സഭയിലെത്തി വിദ്യാർഥികൾക്കെതിരായ അതിക്രമം സംബന്ധിച്ച് വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ആവശ്യം അംഗീകരിച്ചതോടെയാണ് സഭയിലെ പ്രതിഷേധത്തിന് അയവ് വന്നത്.
