ഇന്ത്യയിൽ നടക്കുന്ന എസ്.സി.ഒ ഉച്ചകോടിക്ക് പാകിസ്താൻ മന്ത്രിയെത്തും; മൂന്ന് വർഷത്തിന് ശേഷം ആദ്യ സന്ദർശനം
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) കൾച്ചറൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാൻ പാകിസ്താൻ മന്ത്രിയെത്തും. നവംബർ 20 മുതൽ 22 വരെ നടക്കുന്ന ഉച്ചകോടിയിൽ പാകിസ്താനെ പ്രതിനിധീകരിച്ച് കേന്ദ്ര കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ഏകോപന മന്ത്രി ഡോ. മുസാദിഖ് മസൂദ് മാലിക് പങ്കെടുക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പാകിസ്താൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രാദേശിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്താൻ തീരുമാനിച്ചിരിക്കുന്നത്. 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനും, തുടർന്ന് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക തിരിച്ചടിക്കും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. ഈ സംഭവവികാസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് പാകിസ്താനിൽ നിന്നൊരു മന്ത്രി ഇന്ത്യയിലെത്തുന്നത്.
ഇന്ത്യയുടെ മുൻകൈയിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീളുന്ന ഈ സംവാദം മേഖലയിലെ സാംസ്കാരിക സഹകരണത്തിനാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. ബെലാറസ്, ചൈന, ഇന്ത്യ, ഇറാൻ, കസാക്കിസ്താൻ, കിർഗിസ്താൻ, പാകിസ്താൻ, റഷ്യ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ പത്ത് അംഗരാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരിക പ്രതിനിധികളും നയതന്ത്ര വിദഗ്ധരും ഗവേഷകരും ഉച്ചകോടിയിൽ പങ്കെടുക്കും.
