താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണണമെന്ന് പാക് മന്ത്രി; അനുമതി നിഷേധിച്ച് കേന്ദ്രം
ഇന്ത്യാ സന്ദർശനത്തിനിടെ താജ്മഹലും നിസാമുദ്ദീൻ ദർഗയും സന്ദർശിക്കാൻ താത്പര്യം പ്രകടിപ്പിച്ച പാക് കാലാവസ്ഥാ മന്ത്രി മുസാദിഖ് മാലിക്കിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) യോഗത്തിൽ പങ്കെടുക്കാൻ മാത്രമാണ് മന്ത്രിക്ക് അനുമതി നൽകിയതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
എസ്സിഒയുടെ ആദ്യ സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനാണ് മുസാദിഖ് മാലിക് ഡൽഹിയിലെത്തിയത്. നവംബർ 20 മുതൽ 22 വരെ ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന ഖിലയിലാണ് സമ്മേളനം നടക്കുന്നത്. ഇന്ത്യാ സന്ദർശനത്തിനിടെ ആഗ്രയിലെ താജ്മഹലും ഡൽഹിയിലെ നിസാമുദ്ദീൻ ദർഗയും സന്ദർശിക്കാൻ മാലിക് അനുമതി തേടിയിരുന്നു. എന്നാൽ എസ്സിഒ പരിപാടികൾക്ക് പുറമെ മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയില്ലെന്നാണ് റിപ്പോർട്ട്.
2023ൽ ഗോവയിൽ നടന്ന എസ്സിഒ യോഗത്തിൽ അന്നത്തെ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുത്തതിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പാക് ഫെഡറൽ മന്ത്രിയാണ് മുസാദിഖ് മാലിക്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാക് നേതാവും അദ്ദേഹം. 2025ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ.
ചൈന, റഷ്യ, ഇന്ത്യ, പാകിസ്ഥാൻ ഉൾപ്പെടെ പത്ത് രാജ്യങ്ങൾ അംഗങ്ങളായ സംഘടനയാണ് എസ്സിഒ. 2001ലെ ഷാങ്ഹായ് ഉച്ചകോടിയോടെയാണ് സംഘടന രൂപീകരിച്ചത്. റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാഖ്സ്ഥാൻ, താജികിസ്താൻ, ഉസ്ബെകിസ്ഥാൻ എന്നിവയാണ് സ്ഥാപക രാജ്യങ്ങൾ. 2017ലാണ് ഇന്ത്യയും പാകിസ്ഥാനും സ്ഥിരാംഗങ്ങളായത്. 2023ൽ ഇറാനും അംഗത്വം ലഭിച്ചു.
അംഗരാജ്യങ്ങൾക്കിടയിൽ സാംസ്കാരിക സംവാദവും പരസ്പര ധാരണയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിവിലൈസേഷണൽ ഡയലോഗ് ഫോറം സംഘടിപ്പിക്കുന്നത്.
