നിയന്ത്രണരേഖ മറികടന്ന് പാക് പെൺകുട്ടി; അബദ്ധം പറ്റിയതെന്ന് മൊഴി
ജമ്മു കശ്മീരിലെ രജൗരിയിൽ നിയന്ത്രണരേഖ മറികടന്ന 17കാരിയെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തു. നൗഷേറയിലെ ലൈം സെക്ടറിലാണ് സംഭവം. പാക് അധീന കശ്മീരിൽ നിന്നുള്ള പെൺകുട്ടിയാണ് നിയന്ത്രണരേഖ കടന്നെത്തിയത്.
അതിർത്തി വേലിക്ക് സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പട്രോളിങ് സംഘം പെൺകുട്ടിയെ തടഞ്ഞുനിർത്തുകയായിരുന്നു.അബദ്ധത്തിൽ അതിർത്തി കടന്നെത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
മൊഴിയെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പെൺകുട്ടിയെ നൗഷേറ പൊലീസിന് കൈമാറി. പെൺകുട്ടി അബദ്ധത്തിൽ അതിർത്തി കടന്നതാണോ, സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് വിവിധ സുരക്ഷാ ഏജൻസികൾ അന്വേഷിച്ച് വരികയാണ്.
