പാക് ഭീകരസംഘടനയുമായി ബന്ധം; കർണാടകയിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

  1. Home
  2. National

പാക് ഭീകരസംഘടനയുമായി ബന്ധം; കർണാടകയിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

arrested


പാക്കിസ്ഥാൻ ആസ്ഥാനമായ തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഒരാളെ കർണാടകയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ സുഹൈൽ (20) ആണ് അറസ്റ്റിലായത്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ നിന്ന് ലഭിച്ച രഹസ്യവിവരം അനുസരിച്ച് കർണാടക പൊലീസ് നടത്തിയ നീക്കത്തിലാണ് ദാവൻഗെരെയിൽനിന്ന് ഇയാളെ പിടികൂടിയത്.

ഉത്തർപ്രദേശിൽ നിന്നെത്തിയ ഇയാൾ പെയിന്റ് പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. വാട്ട്‌സ്ആപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇയാൾ പാക്കിസ്ഥാനിലെ ഭീകരസംഘടനകളിൽപ്പെട്ട നിരവധി പേരുമായി ബന്ധം പുലർത്തിയിരുന്നെന്ന് ദാവൻഗെരെ ജില്ലാ പൊലീസ് മേധാവി ശേഖർ എച്ച് തെക്കന്നവർ പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിശദമായി ചോദ്യംചെയ്തുവരികയാണ്.

അടുത്തിടെ പാക്കിസ്ഥാൻ സ്വദേശിയുമായി സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ചിരുന്ന രണ്ടു പേരെ തുമകുരു, ദാവൻഗെരെ ജില്ലകളിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ നടപടി എന്നാണ് റിപ്പോർട്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
അതേ സമയം ഉത്തർപ്രദേശ് സ്വദേശിയുടെ അറസ്റ്റുവിവരം കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ സ്ഥിരീകരിച്ചു. അന്വേഷണം പൂർത്തിയായശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.