'പാർട്ടിയുടെ എംപിയായതുകൊണ്ട് മാത്രം പരിനീതിയെ കിട്ടി'; രാഘവ് ഛദ്ദയ്‌ക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി
ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയും മുൻ പാർട്ടിയും തമ്മിലുള്ള വാക്പോര് അങ്ങേയറ്റം വ്യക്തിപരമായ കടന്നാക്രമണങ്ങളിലേക്ക് നീങ്ങുന്നു. പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറിനിന്ന് ബിജെപി പാളയത്തിലെത്തിയ ഛദ്ദയെ 'രാജദ്രോഹി' എന്ന് വിശേഷിപ്പിച്ച എഎപി, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പോലും പരിഹസിച്ചുകൊണ്ടാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരം പരിനീതി ചോപ്രയുമായുള്ള ഛദ്ദയുടെ വിവാഹത്തിന്റെ ക്രെഡിറ്റ് പോലും പാർട്ടിക്കാണെന്നാണ് എഎപിയുടെ പുതിയ വാദം.
രാഘവ് ഛദ്ദയ്ക്ക് പരിനീതി ചോപ്രയെ വിവാഹം കഴിക്കാൻ സാധിച്ചത് അദ്ദേഹം പാർട്ടിയുടെ രാജ്യസഭാ എംപി ആയതുകൊണ്ട് മാത്രമാണെന്ന് പാർട്ടി വക്താവ് വികാസ് സിംഗ് പരിഹസിച്ചു. "രാഘവ് ഛദ്ദ വെറുമൊരു സാധാരണക്കാരൻ മാത്രമായിരുന്നു. പാർട്ടിയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചത്. ആ പദവിയുള്ളതുകൊണ്ട് മാത്രമാണ് പരിനീതിയെപ്പോലൊരു താരം അദ്ദേഹത്തെ വിവാഹം കഴിക്കാൻ തയ്യാറായത്," വികാസ് സിംഗ് ആരോപിച്ചു. പാർട്ടിയെ വളർത്താൻ കഷ്ടപ്പെട്ടവരെ അവഗണിച്ച് പദവികൾ ഉപയോഗിച്ച് സ്വന്തം ഇമേജ് വർദ്ധിപ്പിക്കാനാണ് ഛദ്ദ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രാഘവ് ഛദ്ദയും രംഗത്തെത്തി. ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന കരിയർ ഉപേക്ഷിച്ചാണ് താൻ പാർട്ടിയുടെ സ്ഥാപക അംഗമായി മാറിയതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. 15 വർഷം ചോരയും നീരുമൊഴുക്കി പ്രവർത്തിച്ച പ്രസ്ഥാനത്തിന്റെ ആന്തരിക അന്തരീക്ഷം ഇപ്പോൾ വിഷലിപ്തമായി മാറിയെന്നും, സ്വന്തം നേട്ടത്തിനായി പ്രവർത്തിക്കുന്ന ഏതാനും അഴിമതിക്കാരുടെ പിടിയിലാണ് പാർട്ടിയെന്നും ഛദ്ദ കുറ്റപ്പെടുത്തി. 2023 സെപ്റ്റംബറിലായിരുന്നു രാഘവ് ഛദ്ദയുടെയും പരിനീതിയുടെയും വിവാഹം.
