ഫോൺ ചോർത്തൽ ആരോപണം; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി സ്ഥിരമായി നുണകളും വ്യാജവാർത്തകളും പ്രചരിപ്പിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ഫോൺ ചോർത്തൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും ബിജെപി വ്യക്തമാക്കി.
ഓരോ ദിവസവും നുണയോ വ്യാജവാർത്തയോ പ്രചരിപ്പിക്കാതെ രാഹുൽ ഗാന്ധിക്ക് ജീവിക്കാനാകില്ലെന്ന് ബിജെപി വക്താവ് തുഹിൻ സിൻഹ പരിഹസിച്ചു. രാഹുലിന്റെ ഫോൺ ചോർത്താൻ ആർക്കും താൽപര്യമില്ലെന്നായിരുന്നു കേരള ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. നുണകളെ മാത്രം ആശ്രയിച്ചാണ് രാഹുലിന്റെ തലച്ചോർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഇൻസ്റ്റഗ്രാമിലെ 'ആസ്ക് മി' സെഷനിലും എക്സിൽ പങ്കുവെച്ച വിഡിയോയിലുമാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ഫോൺ ചോർത്തൽ ആരോപണം ഉന്നയിച്ചത്. മോദിക്കെതിരായ ആരോപണങ്ങൾക്കുള്ള തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും പ്രധാനമന്ത്രിക്ക് ഇക്കാര്യം അറിയാമെന്നുമായിരുന്നു രാഹുലിന്റെ അവകാശവാദം.
പ്രധാനമന്ത്രി നേരിട്ട് സംവാദത്തിന് തയ്യാറാകുന്ന ദിവസം ആരാണ് ദേശഭക്തരെന്നും ആരാണ് ദേശവിരുദ്ധരെന്നും വ്യക്തമാകുമെന്നും രാഹുൽ എക്സിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കളുടെ മറുപടി.
