തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം; ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഉണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. രണ്ട് പെൺകുട്ടികളും ദമ്പതികളുമാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മുംബൈ പൈധോണി സ്വദേശികളായ അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസ്രീൻ ദൊകാഡിയ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ അടുത്ത ബന്ധുക്കൾക്കൊപ്പം ബിരിയാണി കഴിച്ച ശേഷം ഇവർ വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് പുലർച്ചെ ഒന്നരയോടെ നാലുപേരും തണ്ണിമത്തൻ കഴിച്ചതായാണ് റിപ്പോർട്ട്. പുലർച്ചെ അഞ്ചരയോടെ എല്ലാവർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ സൈനബ് ശനിയാഴ്ച രാവിലെയും അബ്ദുള്ള രാത്രിയോടെയും മരണപ്പെട്ടു. പിന്നീട് നസ്രീനും ആയിഷയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ബിരിയാണിയാണോ അതോ പിന്നീട് കഴിച്ച തണ്ണിമത്തനാണോ വിഷബാധയ്ക്ക് കാരണമായതെന്ന് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. ഭക്ഷണസാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
