പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് പിണറായി വിജയൻ; മോദിക്ക് വീഡിയോ ആശംസകൾ അറിയിക്കാൻ അവസരമൊരുക്കി ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ജന്മദിനാശംസകളോടോപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി 'എക്സിൽ' ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്നു. 'പിഎം നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ' എന്ന ഒറ്റവരിയായിരുന്നു രാഹുലിന്റെ ആശംസ.
പ്രധാനമന്ത്രിയുടെ 73–ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വലിയ ആഘോഷ പരിപാടികളാണ് ബിജെപി സംഘടിപ്പിച്ചിട്ടുള്ളത്. ശുചീകരണം, രക്തദാനം തുടങ്ങി ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമോ ആപ്ലിക്കേഷന്‍ വഴിയും വെബ്‌സൈറ്റിലൂടെയും വീഡിയോ ആശംസകള്‍ നേരാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. റീല്‍സ് മാതൃകയില്‍ ഷൂട്ട് ചെയ്‌ത വീഡിയോകളാണ് നമോയില്‍ അപ്‌ലോഡ് ചെയ്യാനാവുക. 'എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്' എന്ന പേരിൽ ബിജെപിയാണ് ഈ ക്യംപയിൻ തുടങ്ങിയത്.