ബൈബിളിൽ മുത്തമിട്ട് പ്രധാനമന്ത്രി; ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിച്ചു

  1. Home
  2. National

ബൈബിളിൽ മുത്തമിട്ട് പ്രധാനമന്ത്രി; ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിച്ചു

pm modi


ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ സി.എൻ.ഐ (CNI) സഭാ ദേവാലയത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോൾ സ്വരൂപിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തു. നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും സന്നിഹിതനായ പ്രധാനമന്ത്രിക്ക് ബിഷപ്പ് വിശുദ്ധ ബൈബിൾ സമ്മാനിച്ചു. സമ്മാനമായി ലഭിച്ച ബൈബിളിൽ മുത്തമിട്ടാണ് അദ്ദേഹം ആദരവ് പ്രകടിപ്പിച്ചത്.

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സമാധാനത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആശംസകൾ പ്രധാനമന്ത്രി നേർന്നു. യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തട്ടെയെന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. കേരള ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.

ക്രിസ്ത്യാനികൾക്ക് നേരെ നടന്ന അതിക്രമങ്ങളെ രാജീവ് ചന്ദ്രശേഖർ അപലപിച്ചു. ചില വ്യക്തികൾ നടത്തുന്ന ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ബിജെപിയുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രിക്ക് പുറമെ ബിജെപിയുടെ മറ്റ് ദേശീയ നേതാക്കളും ഇന്ന് വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ സന്ദർശനം നടത്തി ആശംസകൾ അറിയിക്കുന്നുണ്ട്.