അമേരിക്കയെ ട്രംപ് തകർത്തതുപോലെ മോദി ഇന്ത്യയുടെ അന്താരാഷ്ട്ര പദവി നശിപ്പിച്ചു: പ്രശാന്ത് ഭൂഷൺ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയങ്ങളെയും നയതന്ത്ര നീക്കങ്ങളെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഇറാൻ യുദ്ധത്തിലൂടെ ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ ലോകശക്തി എന്ന പദവി തകർത്തതുപോലെ, മോദിയുടെ നടപടികൾ ഇന്ത്യയുടെ അന്താരാഷ്ട്ര ബഹുമാനവും വിശ്വാസ്യതയും ഇല്ലാതാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിനകത്ത് 'വിശ്വഗുരു'വായി ചമയാനുള്ള അമിതമായ ആഗ്രഹം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പരിഹാസ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നടത്തിയ ഇസ്രായേൽ സന്ദർശനത്തെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ഇറാൻ ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ബെഞ്ചമിൻ നെതന്യാഹുവിൽ നിന്നും ഇസ്രായേൽ പാർലമെന്റായ ക്നെസെറ്റിൽ നിന്നും അംഗീകാരങ്ങൾ തേടി പ്രധാനമന്ത്രി നടത്തിയ യാത്ര തികച്ചും വിഡ്ഢിത്തവും ദീർഘവീക്ഷണമില്ലാത്തതുമാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഇത്തരം നീക്കങ്ങൾ ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ നിലവാരം ഇടിച്ചതായും, പാകിസ്ഥാൻ പോലും ഇന്ത്യയേക്കാൾ വിശ്വാസ്യതയുള്ള രാജ്യമായി ഉയർന്നുവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
