പോക്സോ കേസ് പ്രതിയുടെ പ്രതികാരം; ഒരേ രാത്രിയിൽ സ്വന്തം കുടുംബം അടക്കം ആറുപേരെ കൊലപ്പെടുത്തി, നടുങ്ങി തെലങ്കാന
തെലങ്കാനയെ നടുക്കി അതിക്രൂരമായ കൂട്ടക്കൊലപാതകം. പോക്സോ കേസ് ഇരയായ പതിനാറുകാരിയെയും സ്വന്തം ഭാര്യയെയും മക്കളെയും അടക്കം ആറുപേരെ യുവാവ് കൊലപ്പെടുത്തി. റായ്‌വാലഗുഡ സ്വദേശിയായ രാജു കുമാർ (35) ആണ് ഈ ക്രൂരകൃത്യം ചെയ്തത്. രംഗറെഡ്ഡി ജില്ലയിലെ ഷബാദ് ടൗണിലും റായ്‌വാലഗുഡയിലുമായി വെള്ളിയാഴ്ച രാത്രിയാണ് നാടിനെ വിറപ്പിച്ച കൊലപാതക പരമ്പര അരങ്ങേറിയത്. കൃത്യത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട പ്രതിക്കായി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പരാതിയിൽ രാജു കുമാറിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ ഒളിവിലായിരുന്ന പ്രതിക്ക് ജൂൺ മാസത്തിൽ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി പ്രതികാരബുദ്ധിയോടെ വെള്ളിയാഴ്ച രാത്രി 10:45 ഓടെ ആറ് കിലോമീറ്റർ അകലെയുള്ള ഷബാദ് ടൗണിലെ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.
വാതിൽ തുറന്ന പെൺകുട്ടിയുടെ അമ്മയെ (42) പ്രതി കത്തികൊണ്ട് കുത്തിക്കൊന്നു. തുടർന്ന് വീടിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ മുത്തശ്ശിയെയും വധിച്ചു. അതിനുശേഷം പതിനാറുകാരിയായ പെൺകുട്ടിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റി തന്റെ ഗ്രാമത്തിലെ തടാകക്കരയിൽ എത്തിച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബണ്ടിൽ തള്ളുകയായിരുന്നു. പെൺകുട്ടിയെയും കുടുംബത്തെയും വധിച്ച ശേഷം രാത്രി 11:21 ഓടെയാണ് പ്രതി റായ്‌വാലഗുഡയിലെ സ്വന്തം വീട്ടിലെത്തിയത്. തുടർന്ന് അവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും (31), നാലും പതിനെട്ടും വയസ്സുള്ള തന്റെ രണ്ട് ആൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. അതിനുശേഷം ഷബാദിൽ താമസിക്കുന്ന സ്വന്തം പിതാവിനെ ഫോണിൽ വിളിച്ച് ആറുപേരെയും കൊലപ്പെടുത്തിയ വിവരം അറിയിച്ച ശേഷമാണ് പ്രതി കാറിൽ രക്ഷപ്പെട്ടത്. പിതാവ് ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അതിർത്തികളിലടക്കം പരിശോധന ശക്തമാക്കിയതായും സിറ്റി പോലീസ് കമ്മീഷണർ തരുൺ ജോഷി അറിയിച്ചു. കേസ് ഇരയോടുള്ള പ്രതികാരമാണ് പെൺകുട്ടിയുടെ കുടുംബത്തെ കൊലപ്പെടുത്താൻ കാരണമെന്ന് വ്യക്തമാണെങ്കിലും, സ്വന്തം ഭാര്യയെയും മക്കളെയും എന്തിനാണ് കൊലപ്പെടുത്തിയത് എന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
