മോഷ്ടിച്ചത് 500ലേറെ ആഢംബര കാർ; കുപ്രസിദ്ധ മോഷ്ടാക്കൾ ഒടുവിൽ വലയിൽ

  1. Home
  2. National

മോഷ്ടിച്ചത് 500ലേറെ ആഢംബര കാർ; കുപ്രസിദ്ധ മോഷ്ടാക്കൾ ഒടുവിൽ വലയിൽ

car


മൂന്നു വർഷത്തിനിടെ 500ൽ അധികം ആഡംബര കാറുകൾ കവർന്ന അന്തർ സംസ്ഥാന കവർച്ചാസംഘത്തിലെ രണ്ടുപേർ പിടിയിൽ. മീററ്റ് സ്വദേശി അഷറഫ് സുൽത്താൻ ഗാജി (32), റാഞ്ചി സ്വദേശി ഇർഫാൻ ഹസൻ (34) എന്നിവരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

രാജ്യവ്യാപകമായി ആഡംബര കാറുകൾ മാത്രം കവർച്ച ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ബംഗാൾ എന്നിവിടങ്ങളിലെ മോഷ്‌ടാക്കളുമായി സഹകരിച്ചായിരുന്നു കവർച്ച. വാഹനം കവർന്നുകൊണ്ടു വരുന്നവർക്ക് രണ്ടു മുതൽ മൂന്നു ലക്ഷംവരെ കമ്മിഷനാണു പ്രതികൾ നൽകിയിരുന്നത്. പ്രതികളിൽനിന്ന് 1.32 കോടി വിലമതിക്കുന്ന 10 ആഡംബര കാറുകൾ പൊലീസ് കണ്ടെത്തി. 

‘‘ആദ്യം കാർ കണ്ടുവയ്‌ക്കും. ഇതിനുശേഷം കാറിലെത്തുന്ന പ്രതികൾ ലക്ഷ്യമിടുന്ന കാറിന് സമീപം പാർക്കുചെയ്തു ലാപ്‌ടോപ് ഉപയോഗിച്ച് സുരക്ഷാകോഡ് മാറ്റിയാണ് കവർന്നിരുന്നത്. പിന്നീട്, ഈ വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിലെത്തിച്ച ശേഷം വാട്‌സാപ് മുഖേന വാഹനം വിൽക്കുന്നതിനായി ചിത്രങ്ങൾ പ്രചരിപ്പിക്കും. ലേലത്തിലെടുത്ത വാഹനങ്ങളെന്നു പറഞ്ഞാണ് ആളുകളെ സമീപിച്ചിരുന്നത്. അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ എൻ‍ജിന്‍ നമ്പരിട്ട് ആർടിഒയിൽ നിന്നുള്ള എൻഒസി സഹിതമാണ് വാഹനങ്ങൾ വിൽപ്പനയ്‌ക്ക് എത്തിച്ചിരുന്നത്.’’– പൊലീസ് ഇൻസ്‌പെക്ടർ പി.ബി.ചൗധരി പറഞ്ഞു.

മറ്റിടങ്ങളിൽ വിമാനത്തിലെത്തിയും വിൽപ്പന നടത്തിയിരുന്നു. വിമാനക്കൂലിയും യാത്രാചെലവുകളും സഹിതം ആളുകളിൽനിന്ന് ഈടാക്കിയായിരുന്നു ഇത്തരത്തിലുള്ള വിൽപ്പന. പലരിൽനിന്നും അഡ്വാൻസ് വാങ്ങിയശേഷം കാർ വിൽക്കാതായതോടെ പരാതികൾ ഉയർന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.