ഫെയ്‌സ്ബുക്കിൽ തോക്കുകൾ വിൽപന നടത്തുന്ന സംഘം; ഹോം ഡെലിവറിയും, അന്വേഷണം ഊർജിതമാക്കി പൊലീസ്
ഫെയ്‌സ്ബുക്കിൽ ഇന്ത്യൻ നിർമിത തോക്കുകളുടെ ചിത്രങ്ങൾ പോസ്റ്റു ചെയ്തു വിൽപന നടത്തുന്ന സംഘത്തെ കണ്ടെത്താനുളള നടപടികൾ ഊർജിതമാക്കി മധ്യപ്രദേശിലെ ഉജ്ജയിൻ പൊലീസ്. വിൽപന നടത്തുമെന്നു മാത്രമല്ല തോക്കുകൾ ഹോം ഡെലിവറി നടത്തുമെന്നു കൂടിയാണു ഫെയ്‌സ്ബുക്കിലെ പരസ്യം. കോഹിനൂർ ഗ്രൂപ്പ് ഉജ്ജയിൻ എന്ന ഫെയ്‌സ്ബുക്ക് പേജിലാണു തോക്കുകളുടെ ചിത്രങ്ങൾ പോസ്റ്റു ചെയ്തതെന്നു പൊലീസ് പറയുന്നു. ബെൽറ്റിൽ തോക്കുകൾ കെട്ടിവച്ച ഒരാളുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഡസൻ കണക്കിനു ബുള്ളറ്റുകളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉജ്ജയിനു പുറത്തുനിന്നാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് സൂപ്രണ്ട് ജയന്ത് അറോറ പറഞ്ഞു. തോക്കുകൾ ബുക്ക് ചെയ്യുന്നതിനു ഒരു ഫോൺനമ്പർ നൽകിയിരുന്നു. ഈ നമ്പർ സൈബർസെൽ ഉദ്യോഗസ്ഥർ ട്രാക്ക് ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.