സനാതന ധർമ്മത്തെ അപമാനിച്ചെന്ന് പരാതി: രാഹുൽ ഗാന്ധിക്കും രണ്ട് എംപിമാർക്കുമെതിരെ പോലീസ് കേസ്
പാർലമെന്റ് വളപ്പിൽ നടത്തിയ പ്രതിഷേധ നാടകത്തിനിടെ സനാതന ധർമ്മത്തെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ വാരണാസി പോലീസ് കേസെടുത്തു.
സ്വതന്ത്ര എംപി പപ്പു യാദവ്, സമാജ്‌വാദി പാർട്ടി എംപി അവധേഷ് പ്രസാദ് എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റ് നേതാക്കൾ. സന്യാസിമാർ നൽകിയ പരാതിയിലാണ് വാരണാസിയിലെ കോട്‌വാലി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാർ സംഘടിപ്പിച്ച പ്രതീകാത്മക പ്രതിഷേധമാണ് കേസിനാധാരം.
കാവി വസ്ത്രം ധരിച്ച പപ്പു യാദവിന് മുന്നിൽ രാഹുൽ ഗാന്ധി അടക്കമുള്ളവർ പണം സംഭാവന പെട്ടിയിലിടുകയും, ഈ പണം പപ്പു യാദവ് എടുത്തു മാറ്റുകയും ചെയ്യുന്ന രീതിയിലായിരുന്നു നാടകം അവതരിപ്പിച്ചത്. ഈ പ്രകടനം രാമക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് സന്യാസിമാരുടെ ആരോപണം.
