'കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു'; രാഘവ് ഛദ്ദയെ പരിഹസിച്ച് പ്രകാശ് രാജ്
ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയെ രൂക്ഷമായി പരിഹസിച്ച് നടൻ പ്രകാശ് രാജ്. രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ നിലപാടുകൾ കൃത്യമായി വ്യക്തമാക്കാറുള്ള പ്രകാശ് രാജ്, ഒരു മീം പങ്കുവെച്ചുകൊണ്ടാണ് ഛദ്ദയുടെ നിലപാടിനെ വിമർശിച്ചത്. "കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന തത്വത്തിൽ നിന്ന് പോലീസ് മാറിപ്പോയതിനാൽ ഞാൻ ജോലി രാജിവെക്കുന്നു; പകരം ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു - രാഘവ് ഛദ്ദ" എന്നായിരുന്നു അദ്ദേഹം പങ്കുവെച്ച ട്രോളിലെ പരിഹാസം. തന്റെ പ്രശസ്തമായ '#justasking' എന്ന ഹാഷ്‌ടാഗും ഇതിനൊപ്പം അദ്ദേഹം ചേർത്തിട്ടുണ്ട്.
പ്രകാശ് രാജിന്റെ ഈ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഒരു വിഭാഗം അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുമ്പോൾ, ബിജെപി അനുയായികൾ താരത്തിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. പാർട്ടി മാറിയപ്പോൾ ഛദ്ദ എങ്ങനെയാണ് ക്രിമിനലാകുന്നത് എന്നാണ് ഇവരുടെ ചോദ്യം. പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയും രാഘവ് ഛദ്ദയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഛദ്ദയെ 'ഏറ്റവും വലിയ വഞ്ചകൻ' എന്ന് വിശേഷിപ്പിച്ച റാഠി, ഇ.ഡി, സി.ബി.ഐ റെയ്ഡുകളെ ഭയന്നാണ് ഈ രാഷ്ട്രീയ മാറ്റമെന്നും ആരോപിച്ചു.
വർഷങ്ങളായി അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനായിരുന്ന രാഘവ് ഛദ്ദയോടൊപ്പം സന്ദീപ് പഥക്, സ്വാതി മലിവാൾ, ഹർഭജൻ സിംഗ് ഉൾപ്പെടെ ആറ് രാജ്യസഭാ എംപിമാരാണ് എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. ആകെയുള്ള പത്ത് എംപിമാരിൽ ഏഴുപേരും ബിജെപിയിലേക്ക് മാറിയതോടെ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് ഇവർക്ക് രക്ഷപ്പെടാനാകും. പാർട്ടി അതിന്റെ തത്വങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നതാണ് ഛദ്ദ ഉന്നയിക്കുന്ന പ്രധാന ആരോപണം.
