സിൽക്ക് ഷോളെന്ന പേരിൽ പോളിസ്റ്റർ ദുപ്പട്ട നൽകി; തിരുപ്പതി ക്ഷേത്രത്തിൽ 54 കോടിയുടെ വൻ തട്ടിപ്പ്

  1. Home
  2. National

സിൽക്ക് ഷോളെന്ന പേരിൽ പോളിസ്റ്റർ ദുപ്പട്ട നൽകി; തിരുപ്പതി ക്ഷേത്രത്തിൽ 54 കോടിയുടെ വൻ തട്ടിപ്പ്

silk shawl


ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ തിരുമല തിരുപ്പതി ദേവസ്ഥാനത്ത് (TTD) സിൽക്ക് ഷോളുകളുടെ വിതരണത്തിൽ 54 കോടി രൂപയുടെ വൻ അഴിമതി നടന്നതായി റിപ്പോർട്ട്. 2015 മുതൽ 2025 വരെയുള്ള പത്ത് വർഷക്കാലയളവിൽ സിൽക്ക് ആണെന്ന പേരിൽ ക്ഷേത്രത്തിലേക്ക് പോളിസ്റ്റർ ഷോളുകൾ വിതരണം ചെയ്യുകയായിരുന്നു. ആഭ്യന്തര വിജിലൻസ് അന്വേഷണത്തിലാണ് ഈ തട്ടിപ്പ് പുറത്തുവന്നത്.

ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾക്കായി പണം നൽകുന്ന ഭക്തർക്ക് ഗുണമേന്മയുള്ള മൾബറി സിൽക്കിൽ തീർത്ത ഷോളുകളാണ് സാധാരണയായി നൽകാറ്. എന്നാൽ, വിതരണ കരാർ ഏറ്റെടുത്തയാൾ, വെറും 350 രൂപ മാത്രം വിലവരുന്ന 100% പോളിസ്റ്റർ ഷോളുകൾക്ക് വേണ്ടി 1300 രൂപയുടെ ബില്ലാണ് ക്ഷേത്രത്തിന് നൽകിയിരുന്നത്. ഇതുവഴി ക്ഷേത്രത്തിന് 54 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

ഷോളുകളുടെ സാമ്പിളുകൾ സെൻട്രൽ സിൽക്ക് ബോർഡ് അടക്കമുള്ള രണ്ട് ലബോറട്ടറികളിലേക്ക് അയച്ച് വിശദമായി പരിശോധിച്ചതിൽ, ഇവ പോളിസ്റ്റർ കൊണ്ടാണ് നിർമ്മിച്ചതെന്ന് തെളിഞ്ഞു. സിൽക്ക് ഉത്പന്നങ്ങളുടെ ആധികാരികത ഉറപ്പാക്കുന്ന സിൽക്ക് ഹോളോഗ്രാം വിതരണം ചെയ്ത ഷോളുകളിൽ ഉണ്ടായിരുന്നില്ലെന്നും വിജിലൻസ് ഓഫീസർ റിപ്പോർട്ട് ചെയ്തു. വിജിലൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന്, ഈ ഷോൾ വിതരണ കരാർ ക്ഷേത്ര ട്രസ്റ്റ് റദ്ദാക്കി. സംഭവത്തിൽ അഴിമതി വിരുദ്ധ ബ്യൂറോയുടെ അന്വേഷണം ആവശ്യപ്പെട്ടതായി തിരുമല തിരുപ്പതി ബോർഡ് ചെയർമാൻ ബി.ആർ. നായിഡു അറിയിച്ചു.