ഉപരാഷ്ട്രപതിയുടെ ക്ഷേത്രസന്ദർശനത്തിനിടെ വൈദ്യുതി മുടങ്ങി; എൻജിനീയർക്ക് സസ്‌പെൻഷൻ
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ രണ്ട് മിനിറ്റ് വൈദ്യുതി മുടങ്ങിയ സംഭവത്തിൽ ജൂനിയർ ഇലക്ട്രിക്കൽ എൻജിനീയർക്ക് സസ്‌പെൻഷൻ. എസ്. ജാനകിരാമനെയാണ് ക്ഷേത്ര ഭരണസമിതി താൽക്കാലികമായി സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ 15 ദിവസത്തിനകം വിശദീകരണം നൽകാനും നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 30നാണ് ഉപരാഷ്ട്രപതി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കൊപ്പം ക്ഷേത്രദർശനം നടത്തിയത്. സന്ദർശനത്തിനുശേഷം ഉപരാഷ്ട്രപതി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് രണ്ട് മിനിറ്റോളം വൈദ്യുതി തടസ്സപ്പെട്ടത്.
സംഭവം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതോടെയാണ് ക്ഷേത്ര ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്‌സൺ രുഗ്മിണി പളനിവേൽരാജൻ എൻജിനീയർക്കെതിരെ നടപടിയെടുത്തത്. നിശ്ചിത സമയത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചിട്ടുണ്ട്.
