കേരളത്തിന്റെ പേര് 'കേരളം' എന്നാക്കുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഇതോടെ ബിൽ നിയമമായി. കേരള സംസ്ഥാനം ഇനി ഔദ്യോഗികമായി 'കേരളം' എന്ന പേരിലായിരിക്കും അറിയപ്പെടുക.
'കേരളം (പേര് മാറ്റൽ) ബിൽ, 2026' ലോക്‌സഭയും രാജ്യസഭയും നേരത്തെ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്.
കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് 2024ൽ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. പ്രമേയം അതേവർഷം ജൂണിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറി. തുടർന്ന് രാഷ്ട്രപതി ബിൽ സംസ്ഥാന നിയമസഭയുടെ അഭിപ്രായത്തിനായി തിരിച്ചയച്ചു. ബില്ലിനോട് യോജിക്കുന്നതായി നിയമസഭ വീണ്ടും ഏകകണ്ഠമായി പ്രമേയം പാസാക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനൊപ്പം ഭരണഘടനയിൽ ആവശ്യമായ ഭേദഗതികളും തുടർനടപടികൾക്കുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. ഭരണഘടനയുടെ മൂന്നാം അനുച്ഛേദപ്രകാരം ഒന്നാം പട്ടികയിൽ 'കേരള' എന്ന പേര് 'കേരളം' എന്നാക്കി മാറ്റുന്നതിനാണ് ഭേദഗതി വരുത്തുന്നത്.
