റോഡിൽ മുൻഗണന കാൽനടയാത്രക്കാർക്ക്; സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന് സുപ്രീംകോടതി

  1. Home
  2. National

റോഡിൽ മുൻഗണന കാൽനടയാത്രക്കാർക്ക്; സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന് സുപ്രീംകോടതി

   supreme court


റോഡുകളിലും നടപ്പാതകളിലും സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക നിയമനിർമാണം നടത്തണമെന്ന് കേന്ദ്ര സർക്കാരിനും കോടതി നിർദേശം നൽകി.

അഞ്ചുവയസ്സുകാരനായ മകനുമായി സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന പിതാവിന്റെ പിന്നിൽ ടാങ്കർ ലോറി ഇടിച്ച് കുട്ടി മരിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ . അപകടം നടന്ന സ്ഥലത്ത് നടപ്പാതയോ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനമോ ഇല്ലാതിരുന്നതാണ് അപകടത്തിന് പ്രധാന കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭരണഘടനയിലെ ആർട്ടിക്കിൾ 19, 21 എന്നിവ ഉറപ്പുനൽകുന്ന സഞ്ചാരസ്വാതന്ത്ര്യത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ഭാഗമാണ് സുരക്ഷിതമായി നടക്കാനുള്ള അവകാശമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അതുൽ എസ്. ചന്ദൂർക്കറും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

റോഡുകളിൽ വാഹനങ്ങളേക്കാൾ മുൻഗണന കാൽനടയാത്രക്കാർക്കായിരിക്കണമെന്നും, ആവശ്യമായ നടപ്പാതകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുനിസിപ്പൽ കോർപ്പറേഷനുകളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കോടതി നിർദേശിച്ചു.

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട അധികാരികൾക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെടാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും, ഇത് മോട്ടോർ വാഹന നിയമത്തിന് പുറമേയുള്ള നിയമപരമായ അവകാശമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിധിയുടെ പകർപ്പ് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, റോഡ് ഗതാഗത മന്ത്രാലയം, ലോ കമ്മിഷൻ എന്നിവയ്ക്ക് കൈമാറാനും സുപ്രീംകോടതി രജിസ്ട്രിക്ക് നിർദേശം നൽകി.