ആർഎസ്എസിനെതിരായ പരാമർശം: പ്രിയങ്ക് ഖാർഗെയ്ക്കും, മുഹമ്മദ് നാലപ്പാടിനും കോടതി സമൻസ്
ആർഎസ്എസിനെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കർണാടകയിലെ മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെയ്ക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് നളപാടിനും കോടതി സമൻസ് അയച്ചു. രാഷ്ട്രീയ സ്വയംസേവക് സംഘ(ആർഎസ്എസ്)ത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എ. തേജസ് എന്നയാളാണ് കോടതിയെ സമീപിച്ചിരുന്നത്. ബെംഗളൂരു സിറ്റി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്. പരാതിയിൽ ഇരുവർക്കുമെതിരേ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച കോടതി, ജൂലായ് 21-ന് ഇരുവരും കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരായ പ്രിയങ്ക് ഖാർഗെ, ദിനേശ് ഗുണ്ടുറാവു എന്നിവരേയും കോൺഗ്രസ് നേതാവായ മുഹമ്മദ് നാലപ്പാടിനെയുമാണ് പരാതിയിൽ പ്രതിചേർത്തിരുന്നത്. എന്നാൽ, രണ്ടാംപ്രതിയായ മന്ത്രി ദിനേശ് ഗുണ്ടുറാവുവിനെ കോടതി നടപടികളിൽനിന്ന് ഒഴിവാക്കി. തുടർന്നാണ് പ്രിയങ്ക് ഖാർഗെയെ ഒന്നാംപ്രതിയാക്കിയും മുഹമ്മദ് നാലപ്പാടിനെ മൂന്നാംപ്രതിയാക്കിയും ക്രിമിനൽ കേസ് രജിസ്റ്റർചെയ്യാൻ കോടതി നിർദേശിച്ചത്.
