നിർമാതാവ് കെ.രാജനെ പുഴയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
പ്രശസ്ത തമിഴ് സിനിമാ നിർമാതാവും നടനുമായ കെ.രാജനെ(85) പുഴയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ അഡയാർ പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയതായാണ് റിപ്പോർട്ട്. അഗ്‌നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മരണകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നടൻ പ്രഭുകാന്താണ് മകൻ.
1983ൽ പുറത്തിറങ്ങിയ 'ബ്രഹ്‌മചാരികൾ' എന്ന ചിത്രത്തിലൂടെയാണ് കെ.രാജൻ തമിഴ് സിനിമയിൽ നിർമാതാവായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഗണേഷ് സിനി ആർട്സ് ബാനറിലൂടെ നിരവധി സിനിമകൾ നിർമിച്ചു. 'വർഷങ്ങളായി', 'ഡബിൾസ്', 'അവൾ പാവം', 'നിനൈകാത്ത നാളില്ലൈ' തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായി.
നിർമാണത്തിന് പുറമെ അഭിനയരംഗത്തും കെ.രാജൻ സാന്നിധ്യം അറിയിച്ചു. 'മൈക്കിൾ രാജ്', 'സോന്തക്കാരൻ', 'വീട്ടോട മാപ്പിളൈ', 'പാംഭു സട്ടൈ', 'തുണിവ്', 'ബകാസുരൻ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 1991ൽ 'നമ്മ ഊരു മാരിയമ്മ' എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. അബ്ബാസ്, കുനാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ഉണർച്ചിഗൾ' ഉൾപ്പെടെ ചില സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
തമിഴ് സിനിമാ മേഖലയിലെ പ്രതിസന്ധികൾ, അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം, സാമ്പത്തിക നഷ്ടങ്ങൾ, വ്യവസായത്തിലെ ക്രമക്കേടുകൾ എന്നിവയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്ന വ്യക്തിയായിരുന്നു കെ.രാജൻ. അദ്ദേഹത്തിന്റെ വിയോഗത്തിൽ സിനിമാരംഗത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
