പൗരത്വനിയമ ഭേദഗതി; പ്രതിഷേധം ശക്തം, മുസ്ലീം വിഭാഗം ഭയക്കേണ്ടെന്ന് കേന്ദ്രത്തിന്‍റെ വിശദീകരണം

  1. Home
  2. National

പൗരത്വനിയമ ഭേദഗതി; പ്രതിഷേധം ശക്തം, മുസ്ലീം വിഭാഗം ഭയക്കേണ്ടെന്ന് കേന്ദ്രത്തിന്‍റെ വിശദീകരണം

caa


പൗരത്വനിയമ ഭേദഗതിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു. മുസ്ലീം വിഭാഗക്കാര്‍ വിജ്ഞാപനത്തിന്‍റെ പേരില്‍ ഭയപ്പെടേണ്ടതില്ലെന്ന്  വിശദീകരണ കുറിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 

അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളെ തിരിച്ചയക്കുമെന്ന ഭയം വേണ്ട, ബം​ഗ്ലാദേശ് , അഫ്​ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയക്കാൻ നിലവിൽ ധാരണയൊന്നുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. 

ഒരിന്ത്യൻ പൗരനോടും സിഎഎയുടെ അടിസ്ഥാനത്തിൽ രേഖകൾ ചോദിക്കില്ല, ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്ലീങ്ങൾക്കും നിലവിലുള്ള നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാൻ തടസമില്ല, അയല്‍രാജ്യങ്ങളിലെ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണ് സിഎഎ കൊണ്ടുവന്നതെന്നുമാണ് വിശദീകരണക്കുറിപ്പിലൂടെ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. 

വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമെല്ലാം  പ്രതിഷേധത്തില്‍ പങ്കാളികളാകുന്നുണ്ട്. വിജ്ഞാപനത്തിനെതിരെ നിയമപരമായി നീങ്ങുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളടക്കം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അസമില്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.

ഡൽഹിയില്‍ ഇന്നും പ്രതിഷേധം സജീവമായി തുടരും. ഇന്നലെ ഡൽഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച മുപ്പതിലധികം വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ കയറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇന്നും പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

കേരളത്തില്‍ യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികളും സഖ്യകക്ഷികളുമെല്ലാം പ്രതിഷേധത്തിലുണ്ട്. ഇന്നും പലയിടങ്ങളിലും പ്രതിഷേധം നടത്താനാണ് മുന്നണികളുടെയും പാര്‍ട്ടികളുടെയും സംഘടനകളുടെയുമെല്ലാം തീരുമാനം.

ഇതിനിടെ ആരും പൗരത്വത്തിന് അപേക്ഷിക്കരുതെന്ന് ബംഗാളില്‍ മമത ബാനര്‍ജി ആവര്‍ത്തിച്ചു. പൗരത്വനിയമ ഭേദഗതിയെ ചെറുക്കണമെന്നും മമത ആവശ്യപ്പെട്ടു. ഇപ്പോള്‍ ഇന്ത്യയില്‍ താമസിക്കുന്നവരെയെല്ലാം അഭയാര്‍ത്ഥികളാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നും മമത പറഞ്ഞു. 

പൗരത്വത്തിന് അപേക്ഷിച്ച്, അത് അംഗീകരിക്കുന്ന സമിതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് പ്രാധാന്യം. സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ക്ഷണിതാക്കള്‍ മാത്രമാണ് എന്ന് കേന്ദ്രം ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതും പ്രതിഷേധം ശക്തമാകാൻ കാരണമായിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അധികാരം നിസാരമാക്കുന്ന നീക്കമാണിത്, അതിനാല്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ബംഗാള്‍ അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍.