‘ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ സമരം’; വിവിധ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാൻ സിജെപി
ദേശീയതലത്തിലെ പരീക്ഷാ നടത്തിപ്പിലെ ആവർത്തിച്ചുള്ള വീഴ്ചകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ഡൽഹിയിൽ ശനിയാഴ്ച നടന്ന ഏകദിന പ്രതിഷേധത്തിന് പിന്നാലെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. ഈ ജനകീയ സമരത്തിൽ പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പിന്തുണ ആവശ്യപ്പെട്ട് സംഘടനാ സ്ഥാപകൻ അഭിജിത് ദീപ്‌കെ ബുധനാഴ്ച തന്റെ എക്സ് (X) ഹാൻഡിലിലൂടെ ഒരു വീഡിയോ സന്ദേശം പങ്കുവെച്ചു.
സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ പുണെ, ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് പുണെ സാവിത്രിഭായ് ഫുലെ സർവകലാശാലയിലെ ഡോ. ബാബാസാഹേബ് അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് അഭിജിത് ദീപ്‌കെ അറിയിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ സോനം വാങ്ചുക്കും പുണെയിലെ ഈ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ സുപ്രധാന പരീക്ഷാ നടത്തിപ്പുകളിൽ തുടർച്ചയായുണ്ടാകുന്ന വീഴ്ചകൾ ലക്ഷക്കണക്കിന് യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവി കടുത്ത അപകടത്തിലാക്കിയെന്നും, ഇതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി പദവി ഒഴിഞ്ഞേ മതിയാകൂ എന്നുമാണ് സി.ജെ.പിയുടെ പ്രധാന ആവശ്യം. ജൂൺ 20-നകം കേന്ദ്രമന്ത്രി രാജി വെക്കുകയോ സർക്കാർ അദ്ദേഹത്തെ പദവിയിൽ നിന്ന് പുറത്താക്കുകയോ ചെയ്തില്ലെങ്കിൽ ഡൽഹിയിലെ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നാണ് സംഘടനയുടെ അവസാന മുന്നറിയിപ്പ്. സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടാകുന്നതുവരെ ഒരു കാരണവശാലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് സി.ജെ.പിയുടെ നിലപാട്.
