എഐ ഉച്ചകോടിയിൽ ഷർട്ടഴിച്ച് പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കലാപക്കുറ്റം ചുമത്തി പോലീസ്
ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിയിൽ ഷർട്ടഴിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കലാപക്കുറ്റം ചുമത്തി ഡൽഹി പോലീസ്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്ബ് ഉൾപ്പെടെ എട്ട് പേരാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതായി പോലീസ് കണ്ടത്തി .
ഇന്നലെയാണ് ഉദയ് ഭാനു ചിബ്ബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28 വരെ ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ക്രിമിനൽ ഗൂഢാലോചന, പൊതുപ്രവർത്തകനെ ബോധപൂർവം ഉപദ്രവിക്കൽ, ജോലി തടസ്സപ്പെടുത്തൽ, നിയമലംഘനം എന്നീ കുറ്റങ്ങളാണ് പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് കലാപക്കുറ്റവും ചുമത്തിയത്
കർഷകരെയും പൊതുജനങ്ങളെയും വഞ്ചിക്കുന്ന തരത്തിൽ അമേരിക്കയ്ക്ക് മാത്രം ഗുണകരമാകുന്ന വ്യാപാര കരാറുകൾക്കെതിരെയാണ് തങ്ങൾ പ്രതിഷേധിച്ചതെന്ന് ഉദയ് ഭാനു ചിബ്ബ് പറഞ്ഞിരുന്നു. രാജ്യത്തെ യുവാക്കൾ ഇനി നിശബ്ദരായിരിക്കില്ലെന്നും ദശലക്ഷക്കണക്കിന് തൊഴിൽ രഹിതരായ യുവാക്കളുടെ രോഷമാണ് കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
