പ്രതിഷേധം ശക്തം; ഗ്യാനേഷ് കുമാറിന്റെ സുരക്ഷ വർധിപ്പിച്ചു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ ശക്തമാക്കി. നിലവിൽ ഇസഡ് പ്ലസ് സുരക്ഷയുള്ള ഗ്യാനേഷ് കുമാറിന്റെ ഡൽഹിയിലെ വസതിക്ക് പുറത്തും തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. വ്യക്തിഗത സുരക്ഷയും ശക്തമാക്കിയതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
എസ്‌ഐആറുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിച്ചത്. ഡൽഹിയിലെ വസതിക്ക് സമീപവും ആഗ്രയിലെ കുടുംബവീടിന് പുറത്തും പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതോടെയാണ് നിലവിലെ ഭീഷണി വിലയിരുത്തി സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.
ഗ്യാനേഷ് കുമാറിന്റെ വസതിക്ക് ചുറ്റും 24 മണിക്കൂറും പൊലീസ് സാന്നിധ്യം ഉറപ്പാക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, എസ്‌ഐആറുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.
