പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു
ഇന്ത്യയെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഹംസ ബുർഹാൻ പാക് അധീന കശ്മീരിൽ വെടിയേറ്റു മരിച്ചു. മുസാഫറാബാദിൽ വെച്ച് അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച നടന്ന സംഭവത്തിൽ ഒന്നിലധികം വെടിയുണ്ടകളേറ്റ ഹംസ ബുർഹാൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അർജുമന്ത് ഗുൽസാർ ദർ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. രണ്ടായിരത്തി ഇരുപത്തിരണ്ടിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബുർഹാനെ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ആരാണ് ആക്രമണത്തിന് പിന്നിലെന്നോ കൊലപാതകത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്നോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. കൊലപാതകത്തിന് പിന്നാലെ ഈ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
