പുഷ്പ 2 ദുരന്തം: ശ്രീതേജിന്റെ കുടുംബത്തിന് താങ്ങായി അല്ലു അർജുന്റെ കുടുംബം; വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു
'പുഷ്പ 2: ദി റൂൾ' പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ അപകടത്തിൽ തകർന്ന കുടുംബത്തിന് നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്ത് നടൻ അല്ലു അർജുന്റെ കുടുംബം. അപകടത്തിൽ മരിച്ച രേവതിയുടെ കുടുംബാംഗങ്ങളെ അല്ലു അർജുന്റെ പിതാവും പ്രശസ്ത നിർമ്മാതാവുമായ അല്ലു അരവിന്ദും, അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡിയും കഴിഞ്ഞ ബുധനാഴ്ച സന്ദർശിച്ചു. രേവതിയുടെ ഭർത്താവ് ഭാസ്കറുമായും മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ച അവർ എല്ലാവിധ പിന്തുണയും ഉറപ്പുനൽകി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞ ശ്രീതേജിന്റെ സഹോദരി സാൻവിയുടെ വിദ്യാഭ്യാസ ചുമതല അല്ലു അരവിന്ദ് ഏറ്റെടുത്തു. സാൻവിയോട് നന്നായി പഠിക്കണമെന്നും അവളുടെ പഠനത്തിനാവശ്യമായ മുഴുവൻ ചെലവുകളും താൻ നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. വെന്റിലേറ്റർ ചികിത്സയ്ക്ക് ശേഷം 2025 ഏപ്രിലിലാണ് ശ്രീതേജ് ആശുപത്രി വിട്ടതെങ്കിലും കുട്ടിയുടെ തുടർചികിത്സകൾ ഇപ്പോഴും നടന്നുവരികയാണ്. ഇതിനാവശ്യമായ സഹായങ്ങളും കുടുംബത്തിന് ഉറപ്പാക്കിയിട്ടുണ്ട്.
2024 ഡിസംബർ 4-ന് നടന്ന പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും ശ്വാസം മുട്ടിയാണ് രേവതി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അല്ലു അർജുനെതിരെ കേസെടുത്തിരുന്നു. ഇതിനുപിന്നാലെ തെലങ്കാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ ദിൽ രാജുവും കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൈത്രി മൂവി മേക്കേഴ്സും സംവിധായകൻ സുകുമാറും കുടുംബത്തിന് നേരത്തെ തന്നെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ പ്രിയതാരത്തെ കാണാൻ എത്തിയവർക്കുണ്ടായ ദുരന്തത്തിൽ കുടുംബത്തോടൊപ്പം നിൽക്കാനാണ് അല്ലു അർജുന്റെ ടീം ഇപ്പോൾ ശ്രമിക്കുന്നത്.
