ചോദ്യപേപ്പർ ചോർച്ച:മോദിയോട് അർദ്ധരാത്രി വീഡിയോയിൽ വന്ന് പറയാതെ പകൽ പാർലമെന്റ്‌റിൽ വന്ന് സംസാരിക്കാൻ ഖാർഗെ

  1. Home
  2. National

ചോദ്യപേപ്പർ ചോർച്ച:മോദിയോട് അർദ്ധരാത്രി വീഡിയോയിൽ വന്ന് പറയാതെ പകൽ പാർലമെന്റ്‌റിൽ വന്ന് സംസാരിക്കാൻ ഖാർഗെ

image


പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ തയ്യാറാകാത്തതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാത്രി വീഡിയോ സന്ദേശം പുറത്തിറക്കുന്നതിന് പകരം പകൽ പാർലമെന്റിൽ സംസാരിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയുണ്ടാകുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പു നൽകി പ്രധാനമന്ത്രി അർദ്ധരാത്രിയോടെ വീഡിയോ സന്ദേശം പുറത്തിറക്കിയതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ വിമർശനം.

പ്രധാനമന്ത്രിയുടേത് ഉത്തരവാദിത്വപരമായ പ്രഖ്യാപനമോ, ഉറപ്പോ ആണെങ്കിൽ അത് പാർലമെന്റിൽ അവതരിപ്പിക്കണമെന്നും അങ്ങനെ ചെയ്താൽ പ്രതിപക്ഷത്തിന് അത് ചർച്ച ചെയ്യാനും പരിശോധിക്കാനും കഴിയുമെന്നും ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി, വ്യാഴാഴ്ച അർദ്ധ രാത്രിയോടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ, പ്രഖ്യാപിച്ചു. ഫാസ്റ്റ്-ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കാനുമുള്ള നിയമത്തിന്റെ കരട് കേന്ദ്ര മന്ത്രിസഭപരിഗണിക്കുമെന്നും അദ്ദേഹം സ്വയം റെക്കോർഡ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ച സാധാരണ വിഷയമല്ലെന്നു തനിക്കറിയാമെന്നും, അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടുമാസത്തിനിടെ സർക്കാർ നിരവധി നടപടികൾ അതിനെതിരെ സ്വീകരിച്ചെന്നും മോഡി വ്യക്തമാക്കി. കുറ്റക്കാരെല്ലാം ഇപ്പോൾ ജയിലിലാണെന്നും, വിദ്യാർഥികളുടെ ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ പുനഃപരീക്ഷ ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചെന്നും മോദി വ്യക്തമാക്കി.