ചോദ്യപ്പേപ്പർ ചോർച്ച; മഹാരാഷ്ട്രയിൽ അധ്യാപക യോഗ്യതാ പരീക്ഷ മാറ്റിവെച്ചു
മഹാരാഷ്ട്രയിൽ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് നാളെ നടത്താനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷ (TET 2025) അടിയന്തരമായി മാറ്റിവെച്ചു. സംസ്ഥാനത്തുടനീളമുള്ള 1,028 പരീക്ഷാകേന്ദ്രങ്ങളിലായി നടത്താനിരുന്ന പരീക്ഷയാണ് 24 മണിക്കൂർ മുമ്പ് മാറ്റിവച്ചത്
ഭീവണ്ടി പൊലീസിന് ശനിയാഴ്ച ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചോർച്ച കണ്ടെത്തിയത്. സീൽ ചെയ്ത ടെറ്റ് ചോദ്യപ്പേപ്പർ പാക്കറ്റിലെ പേജുകൾ ചില വ്യക്തികളുടെ കൈവശം കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെടുത്തത് യഥാർത്ഥ ചോദ്യപേപ്പറാണെന് കണ്ടത്തി.താനെ മേഖലയിലാണ് ചോദ്യപ്പേപ്പർ ചോർന്നത്. സംഭവത്തിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല. മഹാരാഷ്ട്രയിലുടനീളം ഏകദേശം 4.28 ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷക്കായി തയ്യാറെടുത്തിരുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട പുതുക്കിയ തീയതിയും മറ്റും വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
