മോദിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി രാഹുൽ ഗാന്ധി; പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻസ്റ്റഗ്രാമിലെ 'ആസ്ക് മി' സംവാദത്തിനിടെയാണ് ആരോപണം ഉന്നയിച്ചത്. തന്റെ ഫോണിൽ എല്ലാ ആരോപണങ്ങൾക്കുമുള്ള തെളിവുകളുണ്ടെന്നും പ്രധാനമന്ത്രി ഫോൺ ചോർത്തുന്നതിനാൽ ഇക്കാര്യം അദ്ദേഹത്തിന് അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ ഫോൺ ചോർത്തിയെന്ന ആരോപണത്തിന് തെളിയിക്കാവുന്ന സാങ്കേതിക തെളിവുകളൊന്നും അദ്ദേഹം സംവാദത്തിൽ അവതരിപ്പിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ടുള്ള പരസ്യ സംവാദത്തിനും രാഹുൽ വീണ്ടും വെല്ലുവിളിച്ചു. പാർലമെന്റിൽ തനിക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്നും പലപ്പോഴും മൈക്രോഫോൺ ഓഫ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാർഷിക നിയമങ്ങൾ, വോട്ട് കൊള്ള ആരോപണം, വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണം (എസ്.ഐ.ആർ), ചൈന, മുൻ സൈനിക മേധാവി എം.എം. നരവനെയുടെ പുസ്തകം, എപ്സ്റ്റീൻ വിവാദം തുടങ്ങിയ വിഷയങ്ങളിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്നും രാഹുൽ പറഞ്ഞു.
നീണ്ട പ്രസംഗങ്ങളല്ല, ഇരുവരും നേർക്കുനേർ ഇരുന്നുള്ള സംവാദമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സംവാദത്തിന്റെ വിധികർത്താവായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെയോ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെയോ നിയോഗിച്ചാലും എതിർപ്പില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. സംവാദം നടന്നാൽ മോദി പിന്നീട് പ്രധാനമന്ത്രിയായി തുടരില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, രാഹുലിന്റെ സംവാദ വെല്ലുവിളിയെ ബിജെപി നേതാക്കൾ വിമർശിച്ചു. പാർലമെന്റിൽ ചർച്ചകൾക്ക് അവസരമുണ്ടെന്നും അവിടെ ചർച്ചകളിൽനിന്ന് ഒഴിഞ്ഞുമാറുന്നത് രാഹുൽ ഗാന്ധിയാണെന്നുമാണ് ബിജെപി നേതാക്കളുടെ വിമർശനം. ലോക്സഭാ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തവും ഗൗരവവും കാണിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും പ്രതികരിച്ചിരുന്നു.
