ജിം ട്രെയ്നര്‍ മുഹമ്മദ് ദീപക്കിനെ' പ്രശംസിച്ച് രാഹുല്‍ ഗാന്ധി

  1. Home
  2. National

ജിം ട്രെയ്നര്‍ മുഹമ്മദ് ദീപക്കിനെ' പ്രശംസിച്ച് രാഹുല്‍ ഗാന്ധി

s


കടയുടെ പേര് മാറ്റണമെന്ന് മുസ്ലീം വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ ജിം ട്രെയ്നര്‍ മുഹമ്മദ് ദീപക്കുമായി കൂടിക്കാഴ്ചയുടെ നിമിഷങ്ങള്‍ പങ്കുവച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൂടിക്കാഴ്ചയുടെ വിഡിയോ ദൃശ്യങ്ങളാണ് ചെറിയ കുറിപ്പിനൊപ്പം രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ചത്. ദുര്‍ബലരെ സംരക്ഷിക്കാന്‍ വിദ്വേഷത്തിനെതിരെ ഉറച്ചുനിന്ന വ്യക്തിയാണ് ദീപക് എന്നും ഇതിനേക്കാള്‍ വലിയ ദേശസ്നേഹം മറ്റൊന്നില്ലെന്നുമാണ് രാഹുല്‍ ഗാന്ധി മുഹമ്മദ് ദീപകിനെ അറിയിച്ചത്.'ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും ആശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അവരില്‍ പലര്‍ക്കും മനസില്‍ ഭയമുണ്ട്. ദീപകിന്റെ പ്രതികരണം പലര്‍ക്കും ധൈര്യം നല്‍കുന്നതാണ്. സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കാനും ഭയപ്പെടുത്താനും ശ്രമിക്കുന്നവര്‍ സത്യത്തില്‍ ഭീരുക്കളാണ് - അവരെ ഒരിക്കലും ഭയപ്പെടരുത്,' എന്നും ഗാന്ധി തന്റെ പോസ്റ്റില്‍ പറഞ്ഞു. ദീപക് സംരക്ഷിച്ചത് നമ്മുടെ ദേശീയ പതാകയെയും, ഭരണഘടനയെയും കൂടിയാണ്. അദ്ദേഹം വെറുപ്പിനെതിരെ ഉറച്ചുനിന്നു, ദുര്‍ബലരെ സംരക്ഷിച്ചു - ഇതിനേക്കാള്‍ വലിയ ദേശസ്നേഹം മറ്റൊന്നില്ല,' ഗാന്ധി പറഞ്ഞു.കടയുടമയെ സംരക്ഷിക്കാന്‍ ഇടപെടേണ്ടിവന്ന സംഭവം ദീപക് കുമാര്‍ രാഹുല്‍ ഗാന്ധിയോട് വിവരിക്കുന്നതും വിഡിയോയിലുണ്ട്. ഉത്തരാഖണ്ഡിലെ കോഡ്വാറിലുള്ള പട്ടേല്‍ മാര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന ബാബാ ക്ലോത്തിങ് സെന്റിലെത്തി ബജ്റംഗ്ദള്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് 70കാരനായ കടയുടമ വാക്കില്‍ അഹമ്മദിനെ പിന്തുണച്ച് മുഹമ്മദ് ദീപക്ക് രംഗത്തെത്തുന്നത്. ഇതോടെ പ്രതിഷേധക്കാരും ദീപക്കും അഹമ്മദും തമ്മില്‍ വാക്കുതര്‍ക്കമായി. അഹമ്മദിന്റെ മകന്റെ സുഹൃത്താണ് ദീപക്ക്. സംഘര്‍ഷാവസ്ഥ ഉടലെടുത്തോടെ സംഭവത്തില്‍ പൊലീസ് ഇടപെട്ടു. പ്രശ്നം നിയന്ത്രണവിധേയമാക്കിയ ശേഷം പൊലീസ് മൂന്ന് വ്യത്യസ്ത എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.