പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു; റോഡിലൂടെ വലിച്ചിഴച്ചതായി പരാതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ സമരം ചെയ്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെയും ഡൽഹി പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. മൂന്ന് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പോലീസ് നടപടിയുണ്ടായത്. റോഡിലൂടെ വലിച്ചിഴച്ചാണ് രാഹുൽ ഗാന്ധിയെ അടക്കമുള്ള നേതാക്കളെ പോലീസ് വാഹനത്തിലേക്ക് മാറ്റിയത്. ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് മാർച്ച് നടത്തിയത്. അഖിലേഷ് യാദവ്, കെ.സി. വേണുഗോപാൽ, ഡി.കെ. ശിവകുമാർ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങി പ്രമുഖ പ്രതിപക്ഷ നേതാക്കളും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു. പ്രതിഷേധം ശക്തമായതോടെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥലത്തെത്തി രാഹുൽ ഗാന്ധിയുമായി അരമണിക്കൂറോളം അനുനയ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മന്ത്രി മടങ്ങിയതിന് പിന്നാലെയാണ് ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡി നടപടികളിലേക്ക് കടന്നത്. വനിതാ എം.പിമാർ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെ നടന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും രാജി വെയ്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സംഭവത്തിൽ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തി.
