നാളെ ഇന്ത്യ ഒന്നാകെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തും: രാഹുല്‍ ഗാന്ധി
ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങൾക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങൾക്കും മർദ്ദനങ്ങൾക്കുമെതിരെ രൂക്ഷ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി നാളെ ഇന്ത്യ ഒന്നാകെ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാഷ്ട്രീയം, ലിംഗം, ജാതി, സമുദായം തുടങ്ങിയ വേർതിരിവുകളില്ലാതെ എല്ലാവരും ഈ മാർച്ചിൽ അണിനിരക്കണമെന്ന് അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു.
വോട്ട് ചോരി അവസാനിപ്പിക്കുക, എസ്.ഐ.ആർ (SIR) നടപടികൾ നിർത്തിവയ്ക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. യുവജനങ്ങളും പ്രതിപക്ഷ പാർട്ടികളും സിവിൽ സൊസൈറ്റി സംഘടനകളും സംയുക്തമായി നടത്തുന്ന ഈ മാർച്ചിലൂടെ ഇന്ത്യയുടെ ശബ്ദം നിശ്ശബ്ദമാക്കാനാകില്ലെന്ന് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
