രാഹുൽ ​ഗാന്ധിമത്സരിക്കേണ്ടത് ബി.ജെ.പിക്കെതിരെ; കേരളത്തിൽ മത്സരിക്കുന്നത് യുക്തിയില്ലായ്മ; പ്രകാശ് കാരാട്ട്

  1. Home
  2. National

രാഹുൽ ​ഗാന്ധിമത്സരിക്കേണ്ടത് ബി.ജെ.പിക്കെതിരെ; കേരളത്തിൽ മത്സരിക്കുന്നത് യുക്തിയില്ലായ്മ; പ്രകാശ് കാരാട്ട്

prakash


 രാഹുൽ ​ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിൻ്റെ യുക്തി മനസ്സിലാകുന്നില്ലെന്ന വിമർശനവുമായി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഹുൽ മത്സരിക്കേണ്ടത് ബിജെപിക്ക് എതിരെ ആണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇതൊരു വലിയ പോരാട്ടമാണ്. ആ പോരാട്ടത്തിൽ കേരളത്തിൽ വന്നാണോ മത്സരിക്കേണ്ടത്. ഇത് രാജ്യത്തിന് നൽകുന്ന സന്ദേശം തെറ്റായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനാധിപത്യത്തിൻ്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. നിർണായകമായ ഒരു തിരഞ്ഞെടുപ്പാണ് രാജ്യം കാത്തിരിക്കുന്നത്. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ഇപ്പോൾ ജയിലിലാണ്. പ്രതിപക്ഷം ഇല്ലാത്ത ജനാധിപത്യത്തിലാണ് മോദി സർക്കാർ വിശ്വസിക്കുന്നത്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

മതധ്രുവീകരണം മാത്രമാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. മതത്തെയും വിശ്വാസത്തെയും പറ്റി മാത്രമാണ് ബിജെപി പറയുന്നത്. ബിജെപി പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ നോക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണ് ബിജെപി. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തകർക്കുന്നു. വർഗീയ ധ്രുവികരണം ആണ് ബിജെപി പ്രകടനപത്രികയിലൂടെ ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ ഇല്ലാതാക്കാൻ ആണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ ശക്തി വർദ്ധിക്കേണ്ടത് അനിവാര്യമാണ്.

സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവി നഷ്ടമാകില്ല. നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി ഉണ്ടെങ്കിൽ ദേശീയ പാർട്ടി അംഗീകാരം ഉണ്ടാകും. സിപിഐഎം നിലവിൽ ദേശീയ പാർട്ടിയാണ്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. എല്ലായിടത്തും ഇപ്പോൾ ഇഡിയുടെ ഇടപെടലാണ്. എന്തിലും ഏതിലും ഇഡി ഇടപെടൽ നിയമപരമല്ല. ഇടതുമുന്നണിയുടെ വൻ വിജയം കേരളത്തിൽ ഉണ്ടാക്കും എന്ന് പ്രകാശ് കാരാട്ട് ഉറപ്പ് നൽകി.