വിജയ്‌ക്കൊപ്പമുള്ള രാഹുലിന്റെ റീലും ചിത്രവും ഇൻസ്റ്റഗ്രാം നീക്കം ചെയ്തു; കേന്ദ്ര ഇടപെടലെന്ന് കോൺഗ്രസ്

  1. Home
  2. National

വിജയ്‌ക്കൊപ്പമുള്ള രാഹുലിന്റെ റീലും ചിത്രവും ഇൻസ്റ്റഗ്രാം നീക്കം ചെയ്തു; കേന്ദ്ര ഇടപെടലെന്ന് കോൺഗ്രസ്

rahul gandhi


ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പമുള്ള ചിത്രവും റീലും നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. കേന്ദ്രസർക്കാരിന്റെ ഇടപെടലിനെത്തുടർന്നാണ് ഇൻസ്റ്റഗ്രാം ഈ ദൃശ്യങ്ങൾ ബ്ലോക്ക് ചെയ്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ, ഇൻസ്റ്റഗ്രാമിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പ്രശ്നങ്ങളാകാം ഇതിന് പിന്നിലെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം.

തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി ചിത്രം പകർത്തിയത്. പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ റീലിന് 12 മില്യൺ വ്യൂസും ചിത്രത്തിന് 46 മില്യൺ വ്യൂസും ലഭിച്ചിരുന്നതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങളുടെ ലംഘനം കണ്ടതിനാലാണ് ഇവ നീക്കം ചെയ്തതെന്നാണ് ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക വിശദീകരണം.

രാഹുൽ ഗാന്ധിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ വ്യൂവർഷിപ്പ് കണക്കുകൾ മറച്ചുവെക്കാൻ പ്ലാറ്റ്‌ഫോമുകൾ ശ്രമിക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ കേന്ദ്രത്തിന്റെ സമ്മർദ്ദമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ കേന്ദ്രം ഭയപ്പെടുകയാണെന്നും ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും പാർട്ടി വ്യക്തമാക്കി. അതേസമയം, ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച കേന്ദ്ര സർക്കാർ, സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ആവർത്തിച്ചു.