രാജീവ് ഗാന്ധി വധക്കേസ്; ജയിൽ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാൻ അനുമതി

  1. Home
  2. National

രാജീവ് ഗാന്ധി വധക്കേസ്; ജയിൽ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാൻ അനുമതി

court


രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തന് സ്വദേശമായ ശ്രീലങ്കയിലേക്കു മടങ്ങാൻ അനുമതി. രോഗിയായ അമ്മയെ കാണാനാണു ശാന്തൻ ശ്രീലങ്കയിലേക്കു പോകുന്നത്. ഇതിനായി കേന്ദ്രസർക്കാർ എക്‌സിറ്റ് പെർമിറ്റ് അനുവദിച്ചു. ഇത് തിരുച്ചിറപ്പള്ളി കലക്ടർക്ക് കൈമാറി. ഒരാഴ്ചയ്ക്കുള്ളിൽ ശാന്തന് ശ്രീലങ്കയിലേക്കു പോകാനാകുമെന്നാണ് വിവരം.

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ഇന്ത്യ വിടുന്ന ആദ്യത്തെയാളാണ് ശാന്തൻ. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രാരേഖ ശ്രീലങ്കൻ സർക്കാരും അനുവദിച്ചതോടെയാണ് ശാന്തന് നാട്ടിലേക്കു പോകാൻ അനുമതി ലഭിച്ചത്. പ്രായമായ അമ്മയ്ക്കൊപ്പം താമസിക്കാൻ ശ്രീലങ്കയിലേക്കു പോകാൻ അനുവദിക്കണമെന്ന് ശാന്തൻ മുൻപും ആവശ്യപ്പെട്ടിരുന്നു. ജയിൽമോചിതരായശേഷം ശാന്തൻ ഉൾപ്പെടെയുള്ളവർ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ്.

എസ്.രാജ എന്നാണ് ശാന്തന്റെ ഔദ്യോഗിക പേര്. 1991ലെ ലങ്കൻ പ്രശ്‌നകാലത്ത് ബോട്ട് മാർഗം ശിവരശനൊപ്പം ഇന്ത്യയിലെത്തിയ ശാന്തൻ എൽടിടിഇ ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗമായിരുന്നു. രാജീവ് വധ ആസൂത്രണത്തിലും നടപ്പാക്കലിലും നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷിക്കപ്പെട്ടത്. 2022ലാണ് സുപ്രീം കോടതി ഇടപെട്ട് ശാന്തൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചത്. നളിനി, ഭർത്താവ് മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരാണ് ജയിൽ മോചിതരായത്. ഇതിൽ ശ്രീലങ്കൻ പൗരൻമാരെ, രേഖകളില്ലാതെ രാജ്യത്ത് എത്തുന്ന വിദേശികളെ പാർപ്പിക്കുന്ന തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. നളിനി വെല്ലൂരിലെ വീട്ടിലേക്കാണു പോയത്. രവിചന്ദ്രനെ തൂത്തുക്കുടിയിലെ ബന്ധുക്കളെത്തി സ്വീകരിച്ചു.