ഹോട്ടലുകൾക്ക് ആശ്വാസം; വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി

  1. Home
  2. National

ഹോട്ടലുകൾക്ക് ആശ്വാസം; വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി


പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് വാണിജ്യ എൽ.പി.ജി (LPG) സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പൂർണ്ണമായും നീക്കി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിതരണം പ്രതിസന്ധിക്ക് മുൻപുള്ള സാധാരണ നിലയിലേക്ക് അടിയന്തിരമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. വേനൽക്കാലത്ത് കടുത്ത പ്രതിസന്ധി നേരിട്ട ഹോട്ടൽ, റസ്റ്റോറന്റ് മേഖലകൾക്ക് വലിയ ആശ്വാസം പകരുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ തീരുമാനം.

നേരത്തെ പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെ തുടർന്ന് ഇറക്കുമതിയിൽ തടസ്സങ്ങൾ നേരിട്ടപ്പോൾ, രാജ്യത്തെ ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് വാണിജ്യ സിലിണ്ടറുകൾക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണം കാരണം ഹോട്ടലുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾ വലിയ കച്ചവട പ്രതിസന്ധി നേരിട്ടിരുന്നു.

ഇതിനൊപ്പം ബൾക്ക് എൽ.പി.ജി (Bulk LPG) വിതരണ രംഗത്ത് നിലനിന്നിരുന്ന നിയന്ത്രണങ്ങളിലും മന്ത്രാലയം വലിയ ലഘൂകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് പ്രതിസന്ധി ഘട്ടത്തിന് മുൻപുണ്ടായിരുന്ന ആകെ ഉപഭോഗത്തിന്റെ 50 ശതമാനം വരെ വിതരണം ഉടനടി പുനഃസ്ഥാപിക്കാൻ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന നീക്കം സാധാരണ നിലയിലായതോടെയാണ് വിതരണം സുഗമമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനിച്ചത്.