റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സി.ഇ.ഒ

  1. Home
  2. National

റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സി.ഇ.ഒ

ayodhya


അയോധ്യ ശ്രീരാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) റിട്ടയേഡ് എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ തിരഞ്ഞെടുത്തു. ഇന്ത്യൻ വ്യോമസേനയിലെ 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിന് നേതൃത്വം നൽകി ശ്രദ്ധേയനായ വ്യക്തിയാണ് ഇദ്ദേഹം. ക്ഷേത്ര ഭരണത്തിന്റെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാനാണ് ഈ പുതിയ നിയമനം. ഇതിനുപുറമേ ഡൽഹിയിൽ നിന്നുള്ള മഹേഷ് ഭാഗ്ചന്ദക, അയോധ്യയിലെ മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മദൻ മോഹൻ പാണ്ഡെ, നിർമല യാദവ് എന്നിവരെ ട്രസ്റ്റികളായും തിരഞ്ഞെടുത്തു.

വ്യോമസേനയിൽ 38 വർഷത്തിലധികം സേവനമനുഷ്ഠിച്ച ജിതേന്ദ്ര മിശ്ര, വെസ്റ്റേൺ എയർ കമാൻഡിന്റെ മേധാവിയായാണ് വിരമിച്ചത്. കാർഗിൽ യുദ്ധത്തിലും നിർണായക പങ്കുവഹിച്ച ഇദ്ദേഹത്തിന് രാജ്യം സർവോത്തം യുദ്ധസേവാ മെഡൽ നൽകി ആദരിച്ചിട്ടുണ്ട്. സൈനിക രംഗത്തെ ഉയർന്ന അച്ചടക്കവും വൻകിട ദൗത്യങ്ങൾ ഏകോപിപ്പിക്കാനുള്ള മികവുമാണ് അദ്ദേഹത്തെ ഈ പദവിയിലെത്തിച്ചത്. ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശിയാണ്.

ക്ഷേത്ര ഫണ്ട് വകമാറ്റിയെന്ന ആരോപണത്തെ തുടർന്ന് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് രാജിവെക്കുകയും എട്ടുപേർ അറസ്റ്റിലാവുകയും ചെയ്ത സംഭവ വികാസങ്ങൾക്ക് പിന്നാലെയാണ് അഡ്മിനിസ്ട്രേഷനിൽ വലിയ മാറ്റങ്ങൾ വരുത്തുന്നത്. വിരമിച്ച ജഡ്ജി പ്രമോദ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള സമിതി 16 പേരുടെ അന്തിമ പട്ടികയിൽ നിന്നാണ് 600 മാർക്കിന്റെ മൂല്യനിർണയം നടത്തി ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ, സാമ്പത്തികം, സുരക്ഷാ ഏകോപനം തുടങ്ങിയ നിർണായക ചുമതലകൾ ഇനി പുതിയ സി.ഇ.ഒ നിർവ്വഹിക്കും.