വായ്പ തിരിച്ചടച്ചാൽ ഈട് നൽകിയ രേഖകൾ ഉടൻ തിരികെ നൽകണമെന്ന് ആർബിഐ; വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ പിഴ

  1. Home
  2. National

വായ്പ തിരിച്ചടച്ചാൽ ഈട് നൽകിയ രേഖകൾ ഉടൻ തിരികെ നൽകണമെന്ന് ആർബിഐ; വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ പിഴ

RBI


വായ്പാ തിരിച്ചടവ് അവസാനിച്ചാൽ ആധാരം ഉൾപ്പെടെയുള്ള, ഈടുവച്ച രേഖകൾ വായ്പയെടുത്തവർക്ക് ഉടനടി തിരിച്ചുനൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്വത്തുക്കളുടെയും ഈടിന്റെയും രേഖകൾ ബാങ്കുകളും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും മുപ്പത് ദിവസത്തിനുള്ളിൽ തിരികെ നൽകണമെന്നാണ് ആർബിഐയുടെ ഉത്തരവ്. തിരിച്ചുനൽകിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ എന്ന കണക്കിൽ ഉപഭോക്താവിന് പിഴ നൽകേണ്ടി വരും.
ഹോം ബ്രാഞ്ചിൽ നിന്നു മാത്രമല്ല, ഏതു ബ്രാഞ്ചിൽ നിന്നും ഉപഭോക്താവിന് രേഖകൾ തിരികെ വാങ്ങാം. വായ്പ തിരിച്ചടച്ചു കഴിഞ്ഞാൽ എവിടെ നിന്നാണ് രേഖകൾ തിരിച്ചുവാങ്ങുന്നതെന്ന് വായ്പാ രേഖകളിൽ ഉപഭോക്താവ് അറിയിക്കണം. രേഖകൾ നഷ്ടപ്പെട്ടാൽ, ബാങ്കുകൾ അതിനു പണം നൽകുകയും, ഉടമസ്ഥനെ ഒറിജിനലോ അറ്റസ്റ്റഡ് കോപ്പിയോ വീണ്ടും എടുക്കാൻ സഹായിക്കുകയും ചെയ്യണം.
വായ്പയെടുത്തയാൾ മരിക്കുകയാണെങ്കിൽ അവകാശികൾക്ക് യഥാർത്ഥ രേഖകൾ എങ്ങനെ ലഭിക്കുമെന്നത് സംബന്ധിച്ച് വിശദമായ നടപടിക്രമം ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും ആവശ്യമാണെന്നും ആർബിഐ അറിയിച്ചു. 2023 ഡിസംബർ ഒന്നിന് ശേഷം മുഴുവൻ തിരിച്ചടവും നടക്കുന്ന മുൻകാല വായ്പകൾക്കും നിർദേശം ബാധകമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
വായ്പ അടച്ചുതീർത്ത ശേഷവും ഈട് നൽകിയ രേഖകൾ തിരിച്ചുകിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുവെന്ന പരാതിയെ തുടർന്നാണ് ആർബിഐയുടെ നിർദേശം. എല്ലാ വാണിജ്യബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്.