മൂന്നാം എൻഡിഎ സർക്കാരിൽ മന്ത്രിയാകാൻ ഏറ്റവും ധനികനായ എംപി; ആസ്തി 5700 കോടി

  1. Home
  2. National

മൂന്നാം എൻഡിഎ സർക്കാരിൽ മന്ത്രിയാകാൻ ഏറ്റവും ധനികനായ എംപി; ആസ്തി 5700 കോടി

cabinet


മൂന്നാം എൻഡിഎ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയാണ്. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ വൈകിട്ട് 7.15ന് രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. മോദി സർക്കാരിലെത്തുന്ന ഏറ്റവും ധനികനായ എംപി ഒരു 48കാരനാണ്. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രശേഖർ പെമ്മസാനിയാണ് മൂന്നാം മന്ത്രിസഭയിലെ ഏറ്റവും ധനികൻ. 

5700 കോടി രൂപ മൂല്യമുള്ള സമ്പത്തിന്റെ ഉടമയാണ് ചന്ദ്രബാബു നായിഡുവിന്റെ സഹപ്രവർത്തകൻ കൂടിയായ പെമ്മസാനി. വൈ എസ് ആർ സി പിയുടെ കിലാരി വെങ്കട റോസയ്യയെ 3.4 ലക്ഷം വോട്ടിന് തോൽപ്പിച്ചാണ് പെമ്മസാനി മന്ത്രിസഭയിലെത്തുന്നത്. പെമ്മസാനിയോടൊപ്പം ടിഡിപി നേതാവായ റാം മോഹൻ നായിഡു കിഞ്ചരപ്പുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. മൂന്നാം മോദി സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് മന്ത്രിയാണ് 36കാരനായ റാം മോഹൻ. 

ആന്ധ്രാപ്രദേശ് ഗുണ്ടൂരിലെ ബുറിപാലം ഗ്രാമത്തിലാണ് പെമ്മസാനി ജനിച്ചത്. ഒസ്മാനിയ സർവകലാശാലയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി. പെൻസിൽവാനിയയിലെ ഡാൻവില്ലെ ഗെയ്‌സിംഗർ മെഡിക്കൽ സെന്ററിലാണ് റെസിഡൻസി പൂർത്തിയാക്കിയത്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി-സിനായ് ഹോസ്പിറ്റലിൽ അദ്ദേഹം അഞ്ച് വർഷത്തോളം അറ്റൻഡിംഗ് ഫിസിഷ്യനായി പ്രവർത്തിച്ചു. ഓൺലൈൻ ലേണിംഗ് പ്ലാറ്റ്ഫോമായ യു വേൾഡിന്റെ സ്ഥാപകനും സിഇഒയുമാണ് പെമ്മിസാനി. ടിഡിപി എൻആർഐ സെല്ലിലെ സജീവ നേതാവായ അദ്ദേഹം യുഎസിൽ ആയിരുന്ന കാലത്ത് നിരവധി പാർട്ടി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 2020ൽ യുഎസിൽ മികച്ച യുവ സംരംഭകനുള്ള ഏണസ്റ്റ് ആൻഡ് യംഗ് അവാർഡ് സ്വന്തമാക്കി.