തൊഴിൽരഹിത യുവാക്കൾക്ക് മാസത്തിൽ 1,500 രൂപ; പത്താംക്ലാസ് പാസായവർക്ക് സഹായധനം പ്രഖ്യാപിച്ച് മമത
പശ്ചിമബെംഗാളിലെ തൊഴിൽരഹിതരായ യുവാക്കളെ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനർജി. പത്താംക്ലാസ് പാസ്സായ 21 മുതൽ 40 വയസ് വരെ പ്രായമുള്ള തൊഴിൽ അന്വേഷകർക്ക് പ്രതിമാസം 1,500 രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് മമത അറിയിച്ചു.
എസ്‌ഐആർ പ്രക്രിയയുടെ ഭാഗമായി വൻതോതിൽ വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യപ്പെട്ടതിനെതിരേ ശനിയാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംസരിക്കവേയാണ് മമതയുടെ പ്രഖ്യാപനം. തുക വിതരണം മാർച്ച് ഏഴിനുതന്നെ ആരംഭിച്ചെന്നും മമത കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് നാൽപ്പതു ശതമാനം കുറഞ്ഞെന്നും മമത അവകാശപ്പെട്ടു. ചുരുങ്ങിയത് നാൽപ്പത് ലക്ഷത്തോളം ആളുകൾക്ക് നൈപുണ്യ പരിശീലനം നൽകിയിട്ടുണ്ടെന്നും അതിൽത്തന്നെ പത്തുലക്ഷം പേർ ഇതിനകംതന്നെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ യുവാക്കളെ ലക്ഷ്യമിട്ടുള്ള വമ്പൻ പ്രഖ്യാപനമാണ് മമത നടത്തിയിരിക്കുന്നത്.
