ടിക്കറ്റ് ഇല്ലാത്ത യാത്രയ്ക്ക് 500 രൂപ പിഴ; നിയമലംഘനങ്ങൾക്ക് പിഴകൾ വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ

  1. Home
  2. National

ടിക്കറ്റ് ഇല്ലാത്ത യാത്രയ്ക്ക് 500 രൂപ പിഴ; നിയമലംഘനങ്ങൾക്ക് പിഴകൾ വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ

   train


നിയമലംഘനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന പിഴകൾ വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ 500 രൂപ പിഴ അടയ്‌ക്കേണ്ടി വരും. മുമ്പ് ഇത് 250 രൂപ ആയിരുന്നു.ജൂലൈ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് റെയിൽവേയുടെ നീക്കം. ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ റെയിൽവേ മന്ത്രാലയം ആരംഭിച്ചുകഴിഞ്ഞു. ജൂലൈ ഒന്നിന് ശേഷം ടിക്കറ്റില്ലാതെ പിടിക്കപ്പെടുന്ന യാത്രക്കാർ യഥാർത്ഥ യാത്രാനിരക്കിന് പുറമെ 500 രൂപ കൂടി അധികമായി പിഴയായി ഒടുക്കേണ്ടി വരും.

ട്രെയിനുകളിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും അനധികൃത യാത്രകൾ തടയാനുമാണ് ഈ കർശന നടപടി. സ്ലീപ്പർ കോച്ചിൽ ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ 780 രൂപ പിഴ അടയ്ക്കേണ്ടി വരും. ഇതു വരെയും 530 രൂപയായിരുന്നു പിഴ.ട്രെയിനിൽ പുക വലിച്ചാൽ 2000 രൂപ പിഴ അടക്കേണ്ടി വരും. 200 രൂപയിൽ നിന്നാണ് 2000 ആയി വർധിപ്പിച്ചിരിക്കുന്നത്. യാചകവൃത്തി കണ്ടെത്തിയാൽ 2000 രൂപയും അനധികൃതമായി സ്റ്റേഷനിൽ പ്രവേശിച്ചാൽ 5000 രൂപയും പിഴയായി ഈടാക്കും. വനിതകൾക്കായി മാത്രം സംവരണം ചെയ്‌തിട്ടുള്ള കോച്ചുകളിലോ സീറ്റുകളിലോ അനുമതിയില്ലാതെ പ്രവേശിക്കുന്ന പുരുഷന്മാർക്കെതിരെയും റെയിൽവേ നടപടി കടുപ്പിച്ചു.ഇത്തരക്കാരിൽ നിന്ന് നിയമലംഘനത്തിന്റെ വ്യാപ്തിയനുസരിച്ച് 500 രൂപ മുതൽ 2,500 രൂപ വരെ പിഴ ചുമത്തും.ട്രെയിനുകളിലോ റെയിൽവേ സ്റ്റേഷനുകളിലോ മദ്യപിച്ച് യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കും അസഭ്യം പറയുന്നവർക്കും 1,000 രൂപ വരെ പിഴയും തടവും ശിക്ഷയായി ലഭിക്കും.