61.8 കോടിക്ക് വിറ്റ പെയിന്റിങ്; 29-ാമത്തെ വയസില്‍ അന്തരിച്ച ഇന്ത്യന്‍ ചിത്രകാരി അമൃത ഷെര്‍ഗില്‍ 1937ല്‍ വരച്ച ചിത്രം

  1. Home
  2. National

61.8 കോടിക്ക് വിറ്റ പെയിന്റിങ്; 29-ാമത്തെ വയസില്‍ അന്തരിച്ച ഇന്ത്യന്‍ ചിത്രകാരി അമൃത ഷെര്‍ഗില്‍ 1937ല്‍ വരച്ച ചിത്രം

rs 61 8 crore legendary amrita sher-gil work sets record


സ്വതസിദ്ധമായ ശൈലിയിലൂടെ ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ഇന്ത്യന്‍ ചിത്രകാരിയാണ് അമൃത ഷെര്‍ഗില്‍. അവരുടെ 'ദി സ്‌റ്റോറി ടെല്ലര്‍' എന്ന ഓയില്‍ പെയിന്റിങ്, സാഫ്രോണ്‍ആര്‍ട്ട് ലേലത്തില്‍ 61.8 കോടി രൂപയ്ക്ക് (7.4 മില്യണ്‍ ഡോളര്‍) വിറ്റത് ഒരു റെക്കോർഡ് ആയിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പെയിന്ററുടെ ചിത്രം ഇത്രയും രൂപയ്ക്കു വിറ്റുപോകുന്നത്. സയിദ് ഹൈദര്‍ റാസയുടെ പെയിന്റിങ് 51.7 കോടി രൂപയ്ക്ക് വിറ്റ് 10 ദിവസം കഴിഞ്ഞപ്പോഴാണ് ഈ റെക്കോര്‍ഡ് വില്‍പ്പന.

2006 മാര്‍ച്ചില്‍, ഒരു കൂട്ടം സ്ത്രീകളുടെ വിഷാദ ഛായാചിത്രമായ ഷെര്‍ഗില്ലിന്റെ 'വില്ലേജ് ഗ്രൂപ്പ്' (1938ല്‍ വരച്ചത്) 6.9 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു. അക്കാലത്തെ റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു അത്. 

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ജനിച്ച അമൃത ഷെര്‍ഗില്‍, ഒരു സിഖ്-ഹംഗേറിയന്‍ ചിത്രകാരിയാണ്. പഞ്ചാബ് സ്വദേശിയായ സര്‍ദാര്‍ ഉമാറാവു സിങ് ആയിരുന്നു അച്ഛന്‍. അമ്മ ഹംഗറിക്കാരിയായ മേരി ആങ്ത്വാനത്തും. പിതാവ് മികച്ച പണ്ഡിതനും, മാതാവ് സംഗീതജ്ഞയുമായിരുന്നു. കൊച്ചുകുട്ടി ആയിരിക്കുമ്പോള്‍ തന്നെ അമൃത ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി. ഹംഗറിയിലെ സൗധങ്ങള്‍, അവിടത്തെ കെട്ടുകഥകളിലെ കഥാപാത്രങ്ങള്‍ എന്നിവ ആ ബാലികയുടെ ഭാവനയിലൂടെ പുനർജനിച്ചു.

1921ല്‍ മാതാപിതാക്കളോടൊപ്പം അമൃതാ ഇന്ത്യയിലെത്തി. സിംലയിലാണ് അവര്‍ താമസമാക്കിയത്. 1924ല്‍ അമൃതാ ഫ്‌ളോറന്‍സില്‍ പോയി അവിടെയുള്ള കലാവിദ്യാലയത്തില്‍ ചേര്‍ന്നു. 1929ല്‍ പാരീസിലെത്തിയ അമൃതാ, അവിടെ പിയറെ വെയിലന്റ് എന്ന കലാകാരന്റെ കീഴിലും പിന്നീട് ലൂസിയണ്‍ സൈമണ്‍ എന്ന മഹാനായ കലാചാര്യന്റെ കീഴിലും പഠിച്ചു.

1938ല്‍ അമൃതാ ഹംഗറിയില്‍ പോയി. ഒരു ബന്ധുവായ ഡോ. വിക്റ്റര്‍ എഗനിനെ വിവാഹം കഴിച്ചു. ഹംഗറിയില്‍ കുറച്ചുകാലം കഴിച്ചുകൂട്ടിയശേഷം ആ ദമ്പതികള്‍ ഇന്ത്യയിലെത്തി. ഡല്‍ഹിയിലും സിംലയിലും അവര്‍ താമസിച്ചു. 1940ല്‍ അവര്‍ ലാഹോറില്‍ എത്തി. 1941 ഡിസംബര്‍ അഞ്ചിന് പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് 29-ാമത്തെ വയസില്‍ അമൃത അന്തരിച്ചു.