ഫുട്പാത്തിലൂടെ സുരക്ഷിതമായി നടക്കുകയെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രീംകോടതി
ഫുട്പാത്തിലൂടെ സുരക്ഷിതമായി നടക്കുകയെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് കോടതി നിര്‍ദേശിച്ചു. നടപ്പാതയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനും സംരക്ഷിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മുന്‍സിപ്പല്‍ അധികൃതര്‍ക്കും ബാധ്യതയുണ്ടെന്ന് നിയമത്തില്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
'ഭരണഘടനയുടെ മൂന്നാം ഭാഗം പ്രകാരം നടക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണ്. അനുച്ഛേദം 19ലെ വിവിധ ഉപവകുപ്പുകള്‍, അനുച്ഛേദം 21 എന്നിവ ഉറപ്പുനല്‍കുന്ന സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണിത്. കൃത്യമായി വേര്‍തിരിച്ച നടപ്പാതകള്‍ കാല്‍നടയാത്രക്കാരുടെ അവകാശ പരിധിയില്‍ വരും. ഈ അവകാശങ്ങള്‍ക്കാണ് പ്രാഥമിക പരിഗണന നല്‍കേണ്ടത്. മോട്ടോര്‍ വാഹനങ്ങളുടെ സഞ്ചാരത്തേക്കാള്‍ മുന്‍ഗണന കാല്‍നടയാത്രയ്ക്ക് നല്‍കണം' -ജസ്റ്റിസുമാരായ പിഎസ് നരസിംഹ, അതുല്‍ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഫുട്പാത്തിലൂടെ നടക്കാനുള്ള മൗലികാവകാശം നടപ്പാക്കേണ്ടത് അധികൃതരുടെ കടമയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 'ഒരു റോഡുണ്ടെങ്കില്‍ അവിടെ കാല്‍നടയാത്രക്കാര്‍ക്കായി കൃത്യമായി വേര്‍തിരിച്ചതും നന്നായി പരിപാലിക്കുന്നതുമായ നടപ്പാതകള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അധികൃതരുടെ കടമയാണ്. നഗര വികസന അതോറിറ്റികള്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, മുന്‍സിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവര്‍ക്കാണ് ഈ ഉത്തരവാദിത്തം. നടക്കുക എന്നത് ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത കാര്യമായതിനാല്‍, നടപ്പാതകള്‍ നിര്‍മിക്കാനും സംരക്ഷിക്കാനും അവര്‍ ബാധ്യസ്ഥരാണ്' -ബെഞ്ച് നിരീക്ഷിച്ചു.
നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടാല്‍ പൗരന്മാര്‍ക്ക് നഷ്ടപരിഹാരത്തിനും, അവകാശം പുനഃസ്ഥാപിച്ചു കിട്ടാനായി ഭരണഘടനാപരവും നിയമപരവുമായ മാര്‍ഗങ്ങള്‍ തേടാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 1988-ലെ മോട്ടോര്‍ വാഹന നിയമപ്രകാരം ലഭ്യമായ പരിഹാരങ്ങള്‍ക്ക് പുറമെയായിരിക്കും ഇത്.
കര്‍ണാടകയില്‍ അഞ്ചു വയസ്സുകാരന്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട മോട്ടോര്‍ അപകട ക്ലെയിം കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. പിതാവിനൊപ്പം സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയെ പിന്നില്‍ നിന്നെത്തിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. അരക്കെട്ടിനും ശരീരത്തിന്റെ കീഴ്ഭാഗത്തിനും ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.
2016 മെയ് 30ന് മോട്ടോര്‍ അപകട ക്ലെയിംസ് ട്രൈബ്യൂണല്‍ കുട്ടിയുടെ കുടുംബത്തിന് 6 ശതമാനം പലിശയോടെ 7.82 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അപ്പീലില്‍ ഹൈക്കോടതി ഈ തുക 4.70 ലക്ഷമായി കുറച്ചു. ഹൈക്കോടതിയുടെ ഈ നടപടി തെറ്റാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി, നഷ്ടപരിഹാര തുക 11,44,628 രൂപയായി ഉയര്‍ത്തുകയും ഇത് രണ്ടു മാസത്തിനകം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.
