മണിക്കൂറിൽ 80 കി.മീ വേഗതയിൽ മണൽക്കാറ്റ്; രാജസ്ഥാനിൽ ഉച്ചയ്ക്ക് കടും ഇരുട്ട്, ജനങ്ങൾ പരിഭ്രാന്തിയിൽ

  1. Home
  2. National

മണിക്കൂറിൽ 80 കി.മീ വേഗതയിൽ മണൽക്കാറ്റ്; രാജസ്ഥാനിൽ ഉച്ചയ്ക്ക് കടും ഇരുട്ട്, ജനങ്ങൾ പരിഭ്രാന്തിയിൽ

sand storm


വെസ്റ്റേൺ ഡിസ്റ്റർബൻസ് പ്രതിഭാസത്തെ തുടർന്ന് രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മണൽക്കാറ്റും കനത്ത മഴയും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആഞ്ഞടിച്ച മണൽക്കാറ്റിൽ പ്രമുഖ നഗരങ്ങളെല്ലാം കടും ഇരുട്ടിലായി. മിനിറ്റുകളോളം കാഴ്ചാപരിധി പൂജ്യത്തിലേക്ക് താഴ്ന്നതോടെ റോഡുകളിലുണ്ടായിരുന്ന വാഹനങ്ങൾ ഹെഡ്‌ലൈറ്റുകൾ തെളിയിച്ചാണ് കഷ്ടിച്ച് മുന്നോട്ട് നീങ്ങിയത്. പെട്ടന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം ജനങ്ങളിൽ വലിയ പരിഭ്രാന്തി പരത്തി.

വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലെ ബിക്കാനീർ, ഗംഗാനഗർ, ഹനുമാൻഗഢ്, ചുരു, സിക്കാർ, ജുൻജുനു, ജയ്പൂർ, നാഗൗർ തുടങ്ങിയ ജില്ലകളിലാണ് മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ മണൽക്കാറ്റ് വീശിയടിച്ചത്. തലസ്ഥാനമായ ജയ്പൂരിൽ പത്ത് മിനിറ്റോളം ആകാശത്തെ മൂടിയ മണൽക്കാറ്റിന് പിന്നാലെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയുമുണ്ടായി.

അതിശക്തമായ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും പോസ്റ്റുകൾ തകർന്ന് വൈദ്യുത ലൈനുകൾ പൊട്ടിവീഴുകയും ചെയ്തു. ഇതേത്തുടർന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക നഗരങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും തടസ്സപ്പെട്ടു. വരും ദിവസങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജയ്പൂർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.