സിഗരറ്റ് വലിക്കുന്ന 'കാളീദേവി'യുടെ പോസ്റ്റര്‍: കേസുകളിൽ നടപടിയിലേക്ക് കടക്കരുതെന്ന് സുപ്രീംകോടതി

  1. Home
  2. National

സിഗരറ്റ് വലിക്കുന്ന 'കാളീദേവി'യുടെ പോസ്റ്റര്‍: കേസുകളിൽ നടപടിയിലേക്ക് കടക്കരുതെന്ന് സുപ്രീംകോടതി

KALI


കാളി ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പൊലീസ്‌ എടുത്തിട്ടുള്ള കേസുകളിൽ നടപടികളിലേക്ക്‌ കടക്കരുതെന്ന്‌ സുപ്രീംകോടതി നിർദേശം. വിവാദ പോസ്‌റ്ററുമായി ബന്ധപ്പെട്ട്‌ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകൾക്കെതിരായി ലീന സമർപ്പിച്ച ഹർജി പരിഗണിച്ച്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്‌റ്റിസ്‌ പി എസ്‌ നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ്‌ നിർദേശം.  കേസെടുത്തിട്ടുള്ള സംസ്ഥാനങ്ങൾക്ക്‌ കോടതി നോട്ടീസ്‌ അയച്ചു. കാളി’ ഡോക്യുമെന്ററി പോസ്‌റ്ററിന്റെ പേരിൽ യുപി, മധ്യപ്രദേശ്‌, ഡൽഹി, ഉത്തരാഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌ ലീനയ്‌ക്കെതിരായി കേസുള്ളത്.

സിഗരറ്റ് വലിക്കുന്ന 'കാളീദേവി'യുടെ ഡോക്യുമെന്ററി പോസ്റ്റര്‍ വിവാദത്തിന് പിന്നാലെയായിരുന്നു ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്ക്കെതിരെ കേസുകളെടുത്തത്. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് കേസ്. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റർ നേരത്തെ വിവാദമായിരുന്നു. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയായിയിരുന്നു യുപി പൊലീസ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല. ഇവരുടെ  ഡോക്യുമെന്‍ററിയുടെ പോസ്റ്ററില്‍ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്.